വിസ്മയക്കാഴ്ചകളുമായി ദുബൈ എയർഷോക്ക് ഇന്നു തുടക്കം
text_fieldsദുബൈ എയർഷോ (ഫയൽ ചിത്രം)
ദുബൈ: ലോകത്തെ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളിലൊന്നായ ദുബൈ എയർ ഷോക്ക് ഞായറാഴ്ച തുടക്കം. വ്യാഴാഴ്ച വരെ നടക്കുന്ന എയർഷോയിൽ പെങ്കടുക്കുന്നതിനായി വിമാനങ്ങളും വിമാന നിർമാതാക്കളും വ്യോമയാന വിദഗ്ധരും കമ്പനി ഉടമകളും ഭരണാധികാരികളുമെല്ലാം എത്തിച്ചേരും. 148 രാജ്യങ്ങളിൽനിന്നായി 1200 പ്രദർശകരെത്തുന്ന ഇത്തവണത്തെ മേള, ഇതുവരെ നടന്നതിൽ ഏറ്റവും വലുതാണെന്ന് അധികൃതർ അവകാശപ്പെട്ടു.
85,000 സന്ദർശകരാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്തവണ പങ്കെടുക്കുന്നവരിൽ 13 രാജ്യങ്ങൾ എയർഷോയിൽ ആദ്യമായാണ് എത്തുന്നത്. മില്യൺ കണക്കിന് ഡോളറിെൻറ വ്യാപാര ഇടപാടുകൾ നടക്കുന്ന എയർഷോ ദുബൈ വേൾഡ് സെൻററിലാണ് അരങ്ങേറുക. ബോയിങ് കുടുംബത്തിലെ ഏറ്റവും പുതിയ താരമായ ബോയിങ് 777Xെൻറ അരങ്ങേറ്റം ഇത്തവണത്തെ പ്രധാന ആകർഷണമാണ്. 2023ഒാടെ സർവിസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വിമാനം ഏറ്റെടുക്കാൻ നിരവധി കമ്പനികൾ എത്തും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകർക്ക് അനുമതി നൽകുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് എത്തിയ ശേഷം ആദ്യമായി നടക്കുന്ന ഏറ്റവും വലിയ എയർഷോയാണിത്. രണ്ടു വർഷത്തിലൊരിക്കലാണ് മേള നടക്കുന്നത്. ഓരോവർഷവും 100 ബില്യൺ ഡോളറിലേറെ മൂല്യമുള്ള കരാറുകൾ ഒപ്പുവെക്കാറുണ്ട്. യു.എ.ഇ പ്രതിരോധ വകുപ്പ്, എമിറേറ്റ്സ് ഉൾപ്പെടെയുള്ളവ ആയിരം കോടിയിലേറെ ദിർഹമിെൻറ കരാറുകൾ ഒപ്പുവെക്കും. വിവിധ രാജ്യങ്ങൾ തമ്മിൽ വിമാന കൈമാറ്റ കരാറുകളും ഒപ്പുവെക്കാറുണ്ട്. പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വിമാനങ്ങളും ഉണ്ടാവും. ആളില്ലാ വിമാനങ്ങൾ, ചരക്ക് വിമാനം, സാങ്കേതിക വിദ്യകൾ എന്നിവ പ്രദർശനത്തിനെത്തും. യു.എ.ഇയുടെ ആകാശ വിസ്മയങ്ങളും എയർഷോയിൽ അരങ്ങേറും.
16 വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസ പ്രകടനം ഇത്തവണ ദുബൈ എയർഷോയിലുണ്ടാകും. 2005ലെ അൽഐൻ ഗ്രാൻഡ് പ്രിയിലാണ് ഇന്ത്യൻ സംഘം യു.എ.ഇയിൽ അവസാനമായി വ്യോമാഭ്യാസം നടത്തിയത്. സാരംഗ്, സൂര്യകിരൺ, തേജസ് എന്നിവയുെട അഭ്യാസങ്ങൾക്കാണ് എയർഷോ സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

