ദുബൈ വിമാനത്താവളം കഴിഞ്ഞവർഷം സ്വീകരിച്ചത് 43 ലക്ഷം ഇന്ത്യക്കാരെ
text_fieldsദുബൈ: കോവിഡ് മഹാമാരിക്കും വിമാനവിലക്കുകൾക്കുമിടയിൽ കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളത്തിലേക്കെത്തിയത് 43 ലക്ഷം ഇന്ത്യക്കാർ. എയർപോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയതും ഇന്ത്യയിൽ നിന്നാണ്. ആകെ രണ്ടരക്കോടി യാത്രക്കാരാണ് കഴിഞ്ഞവർഷം ദുബൈ വിമാനത്താവളത്തിൽ എത്തിയത്.
ലോകത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന എയർപോർട്ടുകളിൽ ഒന്നാണ് ദുബൈ. അതേസമയം, 2019നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2019ൽ 8.6 കോടി യാത്രക്കാരാണ് എത്തിയത്. ലോകത്തിലെ ഏറ്റവും തിരക്കുള്ള നാലാമത്തെ വിമാനത്താവളമായിരുന്നു ദുബൈ. രണ്ട് മാസത്തോളം വിമാനങ്ങൾ പൂർണമായും സർവിസ് നിർത്തിവെച്ചതും പലരാജ്യങ്ങളും ഇനിയും യാത്രാ വിമാന സർവിസ് തുടങ്ങാത്തതും സർവിസുകൾ വെട്ടിച്ചുരുക്കിയതുമാണ് എണ്ണം കുറയാൻ കാരണം. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത് യു.കെയിൽ നിന്നാണ്. 19 ലക്ഷം യാത്രക്കാർ. നിലവിൽ യു.എ.ഇയിൽ നിന്ന് യു.കെയിലേക്ക് സർവിസ് നടക്കുന്നില്ല. 18.6 ലക്ഷം യാത്രക്കാരുമായി പാകിസ്താനും 14.5 ലക്ഷവുമായി സൗദി അറേബ്യയും തൊട്ടുപിന്നാലെയുണ്ട്. നഗരങ്ങളിൽ മുന്നിൽ ലണ്ടനാണ്. ഇവിടെനിന്ന് 11.5 ലക്ഷം പേരാണ് എത്തിയത്. മുംബൈയിൽ നിന്ന് 7.72 ലക്ഷവും ഡൽഹിയിൽ നിന്ന് 7.22 ലക്ഷവും ദുബൈയിലേക്കെത്തി. വെല്ലുവിളികൾ നിറഞ്ഞ ഈ കാലത്ത് ഇത്രയേറെ യാത്രക്കാർ എത്തിയത് ദുബൈയുടെ സ്വീകാര്യതയുടെ തെളിവാണെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞവർഷം 1.83 ലക്ഷം വിമാനങ്ങളാണ് ദുബൈ എയർപോർട്ട് വഴി സഞ്ചരിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 51 ശതമാനം കുറവാണിത്. 19 ലക്ഷം ടൺ കാർഗോയും എയർപോർട്ട് വഴിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

