ദുബൈയിൽ വ്യാജ ടാക്സികൾക്ക് എതിരെ നടപടി
text_fieldsദുബൈ: ജബൽഅലി മേഖലയിൽ ആർ.ടി.എയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 41 വാഹനങ്ങൾ പിടിച്ചെടുത്തു. 39 പേർ പിടിയിലായി.
യാത്രക്കാരെ കയറ്റാൻ പ്രത്യേക ലൈസൻസില്ലാത്തവർ പണം വാങ്ങി വാഹനത്തിൽ ആളെ കൊണ്ടുപോകുന്നത് തടയാൻ കർശന നടപടിക്ക് ഒരുങ്ങുകയാണ് ആർ.ടി.എയും ദുബൈ പൊലീസും. ഇതിന് മുന്നോടിയായാണ് കഴിഞ്ഞദിവസം ജബൽ അലി മേഖലയിൽ പരിശോധന നടത്തി 41 വാഹനങ്ങൾ പിടിച്ചെടുത്തത്. പിടിയിലായ 39 പേരിൽ 25 പേർ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയവരാണ്. 14 പേർ വ്യാജ ടാക്സികളിലേക്ക് ആളെ എത്തിച്ചിരുന്നവരാണ്. പാസഞ്ചർ സർവിസിന് ലൈസൻസില്ലാത്ത വാഹനത്തിൽ പണം ഈടാക്കി ഒരു പരിചയവുമില്ലാത്തവരെ കയറ്റിക്കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ ഇത്തരം വാഹനങ്ങളിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതും എത്തിക്കുന്നതും സമാനമായ കുറ്റകൃത്യമാണെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജ ടാക്സിക്കാർ കൂടുതലുള്ള മേഖലകൾ ആർ.ടി.എ നേരത്തേ പഠനം നടത്തി കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകൾ കേന്ദ്രീകരിച്ച് ദുബൈ പൊലീസിന്റെ സഹകരണത്തോടെ കർശന പരിശോധന തുടരാനും ഈ പ്രവണതക്കെതിരെ ബോധവത്കരണം നടത്താനുമുള്ള നീക്കത്തിലാണ് ആർ.ടി.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

