കപ്പല്‍ ജീവനക്കാരെ രക്ഷിക്കാന്‍ ശ്രമം തുടങ്ങി
text_fieldsദുബൈ: അജ്മാന്‍ തുറമുഖത്ത് ഉടമസ്ഥര്‍ ഉപേക്ഷിച്ചതിനെതുടര്‍ന്ന് പ്രതിസന്ധിയിലായ നാല് കപ്പലുകളിലെ ഇന്ത്യക്കാരായ 41 ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു .
ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പ്രശ്നം യു.എ.ഇ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കോണ്‍സുലേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഷാര്‍ജ, അജ്മാന്‍ തുറമുഖ അധികൃതരെയൂം സംഭവം ധരിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടി ജീവനക്കാര്‍ക്ക് കഴിയാനുള്ള ഇന്ധനവും ഭക്ഷണവും വെള്ളവും കപ്പലിലുണ്ട്. സ്പോണ്‍സറുമായി കോണ്‍സുലേറ്റ് അധികൃതര്‍ സംസാരിച്ചു. എല്ലാ പ്രശ്നങ്ങളും മുന്‍ഗണനാ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന്‍െറ സഹായം തേടിയിട്ടുണ്ട്. പ്രശ്നത്തില്‍ രമ്യമായ പരിഹാരം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
15 മാസമായി ജീവനക്കാര്‍ക്ക് വേതനം ലഭിച്ചിട്ട്. മതിയായ ഭക്ഷണംപോലുമില്ലാതെ ദുരിതത്തിലായ തങ്ങളെ രക്ഷിക്കണമെന്നഭ്യര്‍ഥിക്കുന്ന കപ്പല്‍ജീവനക്കാരുടെ ട്വിറ്റര്‍ സന്ദേശമാണ് പ്രശ്നം അധികാരികളുടെ ശ്രദ്ധയിലത്തെിച്ചത്.
കൂടുതലും ഉത്തരേന്ത്യക്കാരാണ് കപ്പലിലുള്ളത്. ലക്ഷദ്വീപ് സ്വദേശി അമാനുള്ളയാണ് മലയാളം അറിയുന്നയാള്‍. 15 മാസമായി അജ്മാന്‍ തീരത്താണ് നാലു കപ്പലുകള്‍ ഉള്ളത്. രണ്ടു കപ്പലുകളില്‍ ദ്വാരം രൂപപ്പെട്ടിട്ടുണ്ടെന്നും കപ്പല്‍ മുങ്ങാന്‍ പോവുകയാണെന്നും ജീവന്‍ രക്ഷിക്കണമെന്നുമാണ് അവര്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചത്. പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും ഉടമയുടെ കൈവശമായതിനാല്‍ കപ്പലില്‍നിന്ന് പുറത്തുകടക്കാനാവാത്ത അവസ്ഥയിലാണിവര്‍.