ഫിലിപ്പിനോ യുവതിക്ക് അതിശയ സമ്മാനമൊരുക്കി ദുബൈ സിവിൽ ഡിഫൻസ്
text_fieldsദുബൈ: മുഖ്യ ഒാഫിസിലേക്ക് എത്താൻ ദുബൈ സിവിൽ ഡിഫൻസിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ കഴിഞ്ഞയാഴ്ച തീ പിടിത്തമുണ്ടായ മുറഖബാത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഫിലിപൈൻസ് സ്വദേശി ആഞ്ചലി മാങ്കലിൻറാന് കാര്യമെന്തെന്നറിയില്ലായിരുന്നു. അവിടെ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ റാശിദ് താനി അൽ മത്റൂശി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെല്ലാം അവരെ കാത്ത് നിന്നിരുന്നു.
മേജർ ജനറൽ അൽ മത്റൂശി തന്നെ ഒരു കുട്ട അവർക്കു നേരെ നീട്ടിയപ്പോഴും എന്താണ് ഉള്ളിലെന്ന് പിടിയില്ലായിരുന്നു. മൂടി തുറന്നതും ആഞ്ചലിയുടെ മുഖം വിടർന്നു. അവിടെ കൂടി നിന്ന ഒാരോരുത്തരുടെയും.ഏറെ ഭംഗിയുള്ള ഒരു പൂച്ച കുഞ്ഞായിരുന്നു ആ കൂടയുടെ ഉള്ളിൽ. എന്തിനാവും അങ്ങിനെ ഒരു വിചിത്ര സമ്മാനം ?
ഫ്ലാറ്റിനു തീ പിടിച്ചപ്പോൾ യുവതിക്ക് അവരുടെ ചിക്കോ എന്ന അരുമ പൂച്ചയെ നഷ്ടപ്പെട്ടിരുന്നു. ഒാമന മൃഗത്തെ നഷ്ടപ്പെട്ട അവരുടെ സങ്കടം വായിച്ചറിഞ്ഞാണ് മുൻപുണ്ടായിരുന്ന ഇനത്തിൽപ്പെട്ട പൂച്ചയെ സമ്മാനിക്കാൻ സിവിൽ ഡിഫൻസ് തീരുമാനിച്ചത്. യു.എ.ഇ ദാനവർ സന്തോഷം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇൗ സമ്മാ നമൊരുക്കിയത്. പുതിയ പൂച്ചയെ കിട്ടിയതിൽ ആഹ്ലാദവതിയായ യുവതി അതിന് ചീനോ എന്നാണ് പേരു നൽകിയത്. ജൂലൈ ഒമ്പതിനുണ്ടായ തീ പിടിത്തത്തിൽ രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ 23 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
