സ്ത്രീകളെ ലഹരിക്കെണിയിൽ കുടുക്കുന്നത് മയക്കുമരുന്ന് അടിമകളായ ആൺകൂട്ടുകൾ
text_fieldsദുബൈ: മയക്കുമരുന്ന് ലഹരി എന്ന ചതിയിലേക്ക് സ്ത്രീകൾ എത്തുന്നതിന് മുഖ്യകാരണം ലഹരി അടിമകളായ പുരുഷൻമാരുമായുള്ള ചങ്ങാത്തമെന്ന് അധികൃതർ. ലഹരി തടയാനും മയക്കുമരുന്ന് വിപത്തിൽ നിന്ന് പുനരധിവസിപ്പിക്കാനുമുള്ളള ദുബൈ പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഹരിക്ക് അടിമപ്പെട്ട 80 ശതമാനം സ്ത്രീകളും ഇൗ ദുർമാർഗത്തിലേക്ക് എത്തിപ്പെട്ടത് മയക്കുമരുന്ന് ഉപയോക്താക്കളായ ആണുങ്ങൾ മൂലമാണ്.
മോശം സുഹൃത്തുക്കൾ, സാമൂഹിക മാധ്യമങ്ങൾ, വിവാഹജീവിത തർക്കങ്ങൾ എന്നിവയും ലഹരി അടിമത്വത്തിന് കാരണമാകുന്നതായി ആൻറി നാർക്കോട്ടിക്സ് വിഭാഗത്തിലെ പുനരവധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന അമൽ അൽ ഫുഖാഇ ചൂണ്ടിക്കാട്ടുന്നു. ലഹരി അടിമയായ യുവാവിനെ വിവാഹം ചെയ്ത യുവതിയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം തുടങ്ങിയ സംഭവമുണ്ട്. വരൻ ലഹരിക്കാരനാണെന്ന് അറിയാതെയായിരുന്നു വിവാഹം. പിന്നീട് ഇൗ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ യുവതി വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു.
മാതാപിതാക്കൾ തമ്മിലെ തർക്കങ്ങൾ, കുടുംബത്തിലെ ഭിന്നത, വിവാഹമോചനം എന്നിവയെ തുടർന്ന് മക്കൾ ഇത്തരം കൂട്ടുകെട്ടുകളിൽ എത്തിപ്പെടുന്ന പല കേസുകളുമുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞതു കാരണം പലപല വീടുകളിൽ തങ്ങേണ്ടി വന്ന പെൺകുട്ടി മയക്ക്മരുന്നിന് അടിമയാവുകയും 21ാം വയസിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കുട്ടികൾ സിഗരറ്റ് വലിയിൽ തുടങ്ങുന്ന ശീലം അപകടകരമായ മയക്കുമരുന്നുകളിലേക്ക് മാറുകയാണ് രീതി. മാതാപിതാക്കൾക്കിടയിലെ പരസ്പര വിശ്വാസവും ബഹുമാനവും മക്കളുടെ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള ബോധ്യവും ഇൗ വിപത്തിൽ നിന്ന് വരുംതലമുറയെ രക്ഷിക്കുന്നതിൽ സുപ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
