മയക്കുമരുന്ന്: കഴിഞ്ഞവര്‍ഷം അറസ്റ്റിലായത് 8428 പേര്
text_fieldsഅബൂദബി: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 2021ല്‍ മാത്രം യു.എ.ഇയില്‍ അറസ്റ്റ് ചെയ്തത് 8428 പേരെ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.8 ശതമാനത്തിന്റെ വര്‍ധനയാണ് അറസ്റ്റില്‍ ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ 6973 പേരെയാണ് മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റുചെയ്തത്.
ജൂണ്‍ 26ന് അന്താരാഷ്ട്ര മയക്കുമരുന്ന്, മനുഷ്യക്കടത്ത് വിരുദ്ധദിനം ആചരിക്കുന്ന വേളയിലായിരുന്നു ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2021ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5677 റിപ്പോര്‍ട്ടുകള്‍ ഡ്രഗ് കണ്ട്രോള് അതോറിറ്റികള്‍ കൈകാര്യം ചെയ്തതായും 2020ല്‍ ഇത് 4810 ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ 4840 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മയക്കുമരുന്ന് ഉപയോഗം ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പൊതുജനങ്ങളുടെ സുരക്ഷ എന്നിവയില്‍ പ്രതികൂലഫലം ഉണ്ടാക്കുമെന്നും രാജ്യത്തിന്റെ ഭാവിയെത്തന്നെ തകര്‍ക്കുന്ന ഈ കടുത്ത അപകടത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കഠിനശ്രമങ്ങള്‍ അനിവാര്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് സമൂഹത്തിന്റെ സുരക്ഷയ്ക്ക് വിഘാതമാവുന്നതിനൊപ്പം കുടുംബങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ സുരക്ഷ വെല്ലുവിളികള്‍ നേരിടുന്നവയിലൊന്ന് മയക്കുമരുന്ന് കടത്തലാണെന്ന് ദേശീയ ആന്റി നാര്‍കോട്ടിക്സ് കൗണ്‍സില്‍ ചെയര്‍മാനും ഡെപ്യൂട്ടി പൊലീസ് ചീഫുമായ ലഫ്. ജനറല്‍ ധാഹി ഖല്ഫാന് തമീം പറഞ്ഞു. മയക്കുമരുന്ന് കടത്തിനെതിരായ മന്ത്രിമാര്‍, ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, അതിര്‍ത്തി സേന, തീരസേന, തുറമുഖ, കസ്റ്റംസ്, ദേശീയ പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ തന്ത്രപ്രധാന സഹകരണങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന മയക്കുമരുന്ന് വില്പന നീക്കങ്ങളോട് പ്രതികരിക്കരുതെന്ന് അബൂദബി പൊലീസിന്റെ ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റിലെ കേണല്‍ ഡോ. ജാസിം മുഹമ്മദ് അല്‍ ഖസ്റജി ആവശ്യപ്പെട്ടു.
മയക്കുമരുന്ന് കേസില്‍ യുവാവിന് 20,000 ദിർഹം പിഴ
അജ്മാന്: മയക്കുമരുന്ന് കേസില്‍ ഏഷ്യക്കാരനായ യുവാവിന് 20,000 ദിർഹം പിഴ. അജ്മാൻ ക്രിമിനൽ കോടതിയാണ് 32കാരനായ യുവാവിന് മയക്കുമരുന്ന് കഴിച്ചതിനും കൈവശംവെച്ചതിനും ശിക്ഷിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അജ്മാന് അൽജുർഫ് ഇൻഡസ്ട്രിയൽ ഏരിയയിലൂടെ പൊലീസ് പട്രോളിങ് നടത്തവേ സംശയാസ്പദമായ നിലയിൽ കണ്ട പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പ്രതിയില്‍നിന്നും കൂടുതല്‍ മയക്കുമരുന്ന് പിടികൂടിയത്. പ്രതിയുടെ മൂത്ര സാമ്പിൾ പരിശോധിച്ച നീതിന്യായ മന്ത്രാലയത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് മയക്കുമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

