ഫുഡ് ഡെലിവറി രൂപത്തിൽ മയക്കുമരുന്ന് കടത്ത്: യുവാവിന് ജീവപര്യന്തം തടവ്
text_fieldsദുബൈ: മയക്കുമരുന്ന് കടത്തിന് ഫുഡ് ഡെലിവറി രീതിയിൽ പ്രത്യേക ശൃംഖലയുണ്ടാക്കിയ യുവാവിന് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 35കാരനായ ഏഷ്യൻ വംശജനാണ് പ്രതി. ഇയാളിൽ നിന്ന് പിടികൂടിയ മുഴുവൻ മയക്കുമരുന്നുകളും കണ്ടുകെട്ടാനും പ്രതിക്കെതിരെ ശക്തമായ സാമ്പത്തിക വിലക്ക് ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ശിക്ഷ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി നിർദേശിച്ചു. സെൻട്രൽ ബാങ്ക്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ മുൻകൂർ അനുമതിയില്ലാതെ വ്യക്തിപരമായോ മറ്റുള്ളവരുടെ സഹായത്തോടെയോ പണം കൈമാറ്റം ചെയ്യാനോ നിക്ഷേപിക്കാനോ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു.
ക്രിസ്റ്റൽ മെത്ത് എന്ന മാരക രാസലഹരിയാണ് പ്രതി വിൽപന നടത്തിയിരുന്നതെന്നാണ് ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആന്റി നാർകോട്ടിക്സ് ഡിപ്പാർട്മെന്റിന് ലഭിച്ച വിവരം.
ഇയാൾ സ്വയം മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നു. പ്രതി അബൂഹൈൽ മേഖലയിൽ ഇടക്കിടെ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നിരീക്ഷിച്ചുവരുകയും ഒമ്പത് പാക്കറ്റ് ക്രിസ്റ്റൽ മെത്തുമായി പിടികൂടുകയുമായിരുന്നു.
മയക്കുമരുന്ന് വിൽപനക്ക് പ്രത്യേക തുലാസുകളും ഇയാൾ ഉപയോഗിച്ചിരുന്നു. ഫുഡ് ഡെലിവറിയെന്ന വ്യാജേനയാണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്.
30 ദിർഹം മുതൽ പണം ഈടാക്കിയായിരുന്നു വിൽപന. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നതായും പൊലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

