മയക്കുമരുന്ന് കടത്ത്: ദുബൈയിൽ ഏഴംഗസംഘം പിടിയിൽ
text_fieldsദുബൈ പൊലീസ് പിടികൂടിയ മയക്കുമരുന്ന് കടത്ത് സംഘം
ദുബൈ: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഏഴംഗ ക്രിമിനൽ സംഘം ദുബൈ പൊലീസ് പിടിയിലായി. 26 കിലോ മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും പിടിച്ചെടുത്തു. മാരക രാസ ലഹരിയായ ക്രിസ്റ്റൽ മെത്ത്, ഹഷീഷ് ഓയിൽ, കഞ്ചാവ് എന്നിവ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയവയിൽ ഉൾപ്പെടുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. സംഘത്തെ നിയന്ത്രിച്ചിരുന്നത് വിദേശത്ത് നിന്നുള്ളയാളാണ്.
പ്രതികളെല്ലാം ഏഷ്യൻ വംശജരാണ്. പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇവർ മയക്കുമരുന്നുകൾ ഉപേക്ഷിച്ചിരുന്നത് പലയിടങ്ങളിലായിട്ടായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് പ്രതികൾ പിടിയിലായത്. ദിവസങ്ങളായി ഒന്നാം പ്രതിയുടെ നീക്കങ്ങൾ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് കൈവശം വെച്ചതായി കണ്ടെത്തി.
രണ്ട് വിത്യസ്ത സ്ഥലങ്ങളിലായി ഒരു കിലോഗ്രാം മയക്ക്മരുന്ന് അടങ്ങുന്ന പാക്കറ്റുകൾ വിതരണം ചെയ്യാൻ വിദേശത്തു നിന്നുള്ള സംഘത്തലവന്‍റെ നിർദേശം ഇയാൾക്ക് ലഭിച്ചിരുന്നു. ഇത് മനസിലാക്കിയ പൊലീസ് നടത്തിയ ആസൂത്രിത നീക്കമാണ് ബാക്കിയുള്ള ആറ് പേരുടെയും അറസ്റ്റിലേക്ക് നയിച്ചത്. രണ്ട് വിത്യസ്ത സ്ഥലങ്ങളിലായി ഇയാൾ ഒളിപ്പിച്ച മയക്ക്മരുന്ന് എടുക്കാനായി എത്തുമ്പോഴാണ് ആറ് പേരും പിടിയിലാകുന്നത്.
ആവശ്യക്കാർക്ക് മയക്കുമരുന്ന് കൈമാറാനും ഒളിപ്പിക്കാനും പല സ്ഥലങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന് മയക്കുമരുന്ന് വിരുദ്ധ സേന ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുഈസ പറഞ്ഞു. യു.എ.ഇക്ക് പുറത്തുള്ള അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചവരാണ് പിടിയിലായ പ്രതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന്‍റെ സുരക്ഷ അപകടത്തിലാക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നതിന്‍റെ തെളിവാണ് മയക്കുമരുന്ന് കടത്ത് സംഘത്തിന്‍റെ അറസ്റ്റെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസം വസ്ത്രങ്ങളുടെ ബട്ടണുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കപ്റ്റാഗൺ ഗുളികകളുടെ വൻ ശേഖരം പൊലീസ് കണ്ടെത്തിയിരുന്നു. 18.93 കിലോഗ്രാം മയക്കുമരുന്ന് ഗുളികകളാണ് അന്ന് പിടികൂടിയത്. വിപിയിൽ ഏതാണ്ട് 44 ലക്ഷം ദിർഹമാണ് ഇതിന് വില. യു.എ.ഇയിൽ നിന്ന് അയൽ രാജ്യത്തേക്ക് കടത്താനായിരുന്നു പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

