വാട്സ്ആപ് വഴി മയക്കുമരുന്ന് കച്ചവടം; 500 പേർ പിടിയിലായി
text_fieldsഷാർജ: വാട്സ്ആപ് വഴി ഉപയോക്താക്കളെ കണ്ടെത്തി മയക്കുമരുന്ന് എത്തിച്ചുനൽകുന്ന 500ലേറെ പേർ ഷാർജയിൽ പിടിയിലായി. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി ഷാർജ പൊലീസ് നടത്തിവരുന്ന ഓപറേഷനിലാണ് വലിയ സംഘത്തെ പിടികൂടിയത്. പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഇത്തരത്തിൽ 912 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ കേസുകളിലാണ് 500ലേറെ പേർ പിടിയിലായതെന്ന് പൊലീസ് ഓപറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹീം അൽ അജൽ പറഞ്ഞു. മയക്കുമരുന്ന്, വ്യാജ ഉൽപന്നങ്ങൾ, മറ്റു നിരോധിത വസ്തുക്കൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന 124 സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും വഴി മയക്കുമരുന്ന് വിൽപന നടത്തുന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും പൊലീസ് വൃത്തങ്ങൾ പ്രതികരിച്ചു.വിവിധ വാട്സ്ആപ് നമ്പറുകളിലേക്ക് മയക്കുമരുന്ന് ലഭ്യത അറിയിച്ച് മെസേജുകളയച്ചാണ് ഇരകളെ ഇത്തരക്കാർ പ്രധാനമായും കണ്ടെത്തുന്നത്.
വേദനസംഹാരികൾ, ഹഷീഷ്, ക്രിസ്റ്റൽമിത്ത്, ഹെറോയിൻ എന്നിവയുൾപ്പെടെ വിവിധതരം മയക്കുമരുന്നുകൾ ഇത്തരത്തിൽ വിൽപന നടത്തുന്നുണ്ട്. പല ഉപയോക്താക്കളും ഇന്റർനെറ്റ് വഴി മയക്കുമരുന്ന് വാങ്ങുകയും ഡീലർമാർക്ക് ഓൺലൈനായി പണം അയക്കുകയും ചെയ്യുന്നത് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അത്തരം നമ്പറുകളും വെബ്സൈറ്റുകളും സോഷ്യൽ നെറ്റ്വർക്കുകളും പൊലീസ് ട്രാക്ക് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങളും സംശയാസ്പദമായ പ്രവർത്തനങ്ങളും നിരീക്ഷിക്കാനും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുകയും ഇരകളെ ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്യുന്ന ആളുകളെ പിടികൂടുന്നതിനുമായി ഷാർജ പൊലീസിന്റെ ഓൺലൈൻ പട്രോളിങ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി ഓൺലൈനിൽ ഇതുവരെ 800 കുറ്റകൃത്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള നിയന്ത്രിത മരുന്നുകളോ മയക്കുമരുന്നുകളോ പ്രോത്സാഹിപ്പിക്കുന്ന മെസേജുകൾ ലഭിച്ചാൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട്ചെയ്യാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് പൊലീസ് വൃത്തങ്ങൾ ആവശ്യപ്പെട്ടു.കഴിഞ്ഞയാഴ്ച ആസൂത്രിതമായ രണ്ടു ഓപറേഷനുകളിലൂടെ ഷാർജ പൊലീസ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്തും വിൽപനയും നടത്തുന്ന 24 അംഗ മാഫിയ സംഘത്തെ പിടികൂടിയ ഓപറേഷനിൽ 120കി.ഗ്രാം ഹഷീഷും 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

