Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് കടത്തുകാരൻ ദു​ബൈ വിമാനത്താവളത്തിൽ ഒളിച്ചു താമസിച്ചത് 45 ദിവസം!; ഓരോ നീക്കങ്ങളും നിരീക്ഷിച്ച് പിടികൂടി പൊലീസ്

text_fields
bookmark_border
വൻ ശൃംഖലയെ തകർത്ത് ദുബൈ പൊലീസ്
മയക്കുമരുന്ന് കടത്തുകാരൻ ദു​ബൈ വിമാനത്താവളത്തിൽ ഒളിച്ചു താമസിച്ചത് 45 ദിവസം!;  ഓരോ നീക്കങ്ങളും നിരീക്ഷിച്ച് പിടികൂടി പൊലീസ്
cancel
camera_alt

ആന്റി നാർക്കോട്ടിക്‌സ് ജനറൽ ഡിപാർട്​മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ ‘ക്യു.എൻ പോഡ്‌കാസ്റ്റിൽ’ സംസാരിക്കുന്നു

ദുബൈ: ദുബൈ വിമാനത്താവളത്തിലെ ട്രാൻസിറ്റ് ഏരിയയിൽ 45 ദിവസമായി ഒളിച്ചു താമസിച്ചിരുന്ന വൻ മയക്കുമരുന്ന് കച്ചവടക്കാരനെ പിടികൂടി ദുബൈ പൊലീസ് ആന്റി നാർക്കോട്ടിക്സ് വിഭാഗം. രാജ്യത്തിനുള്ളിലേക്ക് ഔദ്യോഗികമായി പ്രവേശിക്കാത്തതിനാൽ പൊലീസിന് പിടികൂടാനാകില്ലെന്ന ധാരണയിലാണ് ഇയാൾ വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞത്. എന്നാൽ, പ്രതിയുടെ ഓരോ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ദുബൈയിൽ മുമ്പ് ഒളിപ്പിച്ചു വെച്ചിരുന്ന മയക്കുമരുന്ന്, വിദേശത്തുള്ള ആളുകളുമായി ആശയവിനിമയം നടത്തി വിതരണം ചെയ്യാൻ പദ്ധതിയിട്ട സമയത്ത് കൃത്യമായ തെളിവുകളോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രാൻസിറ്റ് ഏരിയയിൽ ഒളിച്ചു താമസിക്കുന്നതിനിടെയായിരുന്നു ഇയാളുടെ നീക്കങ്ങൾ. രാജ്യത്ത് ഇയാളും സംഘവും ഒളിച്ചുവെച്ച മയക്കുമരുന്ന് കണ്ടെടുക്കാൻ ആദ്യം നടപടി സ്വീകരിച്ച ആന്റി നാർക്കോട്ടിക്സ് വിഭാഗം, പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു. അറബ് പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമായ ‘ക്യു.എൻ പോഡ്‌കാസ്റ്റിൽ’ സംസാരിക്കവെ ആന്റി നാർക്കോട്ടിക്‌സ് ജനറൽ ഡിപാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ലഹരിക്ക് അടിമപ്പെടുന്നവർ വിൽപനയിലേക്ക്

ലഹരിക്ക് അടിമപ്പെടുന്നവർ പിന്നീട് വൻകിട വിതരണക്കാരായി മാറുന്നതിനെക്കുറിച്ചും ബ്രിഗേഡിയർ ഖാലിദ് മുന്നറിയിപ്പ് നൽകി. ഒരു കിലോഗ്രാം മയക്കുമരുന്നുമായി പിടിയിലായ യുവതിയുടെയും ഇ-സിഗരറ്റുകൾ വഴി കഞ്ചാവ് ഓയിൽ വിറ്റ 16നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെയും കേസുകൾ ഇതിന് തെളിവാണ്. തുടക്കത്തിൽ ലഹരി ഉപയോഗിച്ചിരുന്ന യുവതി, പിന്നീട് വലിയ അളവിൽ മയക്കുമരുന്ന് ആവശ്യമായി വന്നപ്പോൾ വിലക്കുറവ് ആവശ്യപ്പെട്ട് വിതരണക്കാരനെ സമീപിക്കുകയായിരുന്നു. എന്നാൽ വില കുറക്കുന്നതിന് പകരം, മയക്കുമരുന്ന് വിതരണം ചെയ്യുന്നതിലെ പങ്കാളിത്തമായിരുന്നു വിതരണക്കാരന്‍റെ വാഗ്ദാനം. വിൽക്കുന്നതിനായി കുറച്ച് മയക്കുമരുന്ന് നൽകുകയും, പാക്കറ്റുകൾ എവിടെ ഒളിപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. വാങ്ങുന്ന ആളുകളെ അവിടേക്ക് പറഞ്ഞയക്കുകയായിരുന്നു.

നാലു വർഷത്തെ അന്വേഷണം; ഒടുവിൽ പിടിയിൽ

സുഡാൻ, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് പടർന്നു കിടന്ന വൻ മയക്കുമരുന്ന് ശൃംഖല നയിച്ചിരുന്ന ഒരു യു.എ.ഇ പൗരനെ നാല് വർഷത്തെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് വലയിലാക്കിയത്. യു.എ.ഇക്ക് പുറത്തുവെച്ച് കുറ്റകൃത്യങ്ങൾ ചെയ്തിരുന്ന ഇയാളെ വിദേശ ഏജൻസികളുടെ സഹകരണത്തോടെ തെളിവുകൾ ശേഖരിച്ചാണ് ഫെഡറൽ കോടതിക്ക് മുന്നിൽ ഹാജരാക്കിയത്.

കാഴ്ചയിൽ സാധാരണക്കാരനായി തോന്നിച്ചിരുന്ന ഇയാൾ, നിരവധി രാജ്യങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന വൻ ക്രിമിനൽ ശൃംഖലയെയാണ് നയിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. യു.എ.ഇക്കുള്ളിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പ്രതി മനഃപൂർവം ഒഴിവാക്കി. പകരം, മയക്കുമരുന്ന് കടത്തിന്റെ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നടത്തുകയായിരുന്നു. പ്രതിക്ക് അന്താരാഷ്ട്ര ശൃംഖലകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിന് താൻ പലതവണ സുഡാനിലേക്കും ഈജിപ്തിലേക്കും യാത്ര ചെയ്തിരുന്നതായി ബ്രിഗേഡിയർ ഖാലിദ് പറഞ്ഞു.

രീതികൾ നിരന്തരം മാറ്റി മയക്കുമരുന്ന് കടത്ത്

മയക്കുമരുന്ന് കടത്തുകാർ തങ്ങളുടെ രീതികൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ ശരീരത്തിനുള്ളിൽ ക്യാപ്സൂളുകൾ വിഴുങ്ങി മയക്കുമരുന്ന് കടത്തുന്നതായിരുന്നു പ്രധാന രീതിയെങ്കിൽ, ഇന്ന് പുതിയ തന്ത്രങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്.

എങ്കിലും യാത്രക്കാരുടെ സംശയാസ്പദമായ പെരുമാറ്റവും യാത്രാരീതികളും തിരിച്ചറിയാൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും, കൃത്യമായ വിവരശേഖരണവും വഴി മയക്കുമരുന്ന് മാഫിയയുടെ നീക്കങ്ങളെ വിജയകരമായി പ്രതിരോധിക്കാൻ ദുബൈ പൊലീസിന് സാധിക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ ഖാലിദ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug smuggler arrested after hiding for 45 days in the transit area of Dubai Airport
Next Story