ഡോ. ഷംസീർ വയലിലിന് ആര്യബന്ധു പുരസ്കാരം
text_fieldsദുബൈ: സാമൂഹിക-ജീവകാരുണ്യ കൂട്ടായ്മയായ ലുബ്നാദ് ഷാ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിെൻറ ആര്യബന്ധു പുരസ്കാരം വി.പി.എസ് ഗ്രൂപ്പ് സ്ഥാപകനും അമാനത്ത് ഹോൾഡിങ്സ് എം.ഡിയുമായ ഡോ. ഷംസീർ വയലിലിന് സമ്മാനിക്കും. നിപാ വൈറസ് പ്രതിരോധത്തിന് അർപ്പിച്ച സേവനങ്ങളുൾപ്പെടെ ആരോഗ്യ-ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലകളിൽ നടത്തി വരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഡോ. ഷംസീറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ചെയർമാൻ പി. ഷാഹിൻ, ജന. സെക്രട്ടറി രജിത് രാജരത്നം, ട്രഷറർ രാജേഷ് കെ.സി എന്നിവർ വ്യക്തമാക്കി. ആഗസ്റ്റ് 18ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം പുരസ്കാരം സമ്മാനിക്കും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ. ശൈലജ ടീച്ചർ തുടങ്ങിയവർ സംബന്ധിക്കും.
കേരളം മാരക പകർച്ചവ്യാധിയായിരുന്ന വസൂരിയുടെ പിടിയിലമർന്ന കാലത്ത് സ്വന്തം വാഹനം ആംബുലൻസാക്കി രോഗികളെ എത്തിച്ച് ചികിത്സ ഒരുക്കി നൽകുകയും നൂറോളം കിണറുകൾ നിർമിച്ചു നൽകുകയും ചെയ്ത ആര്യബന്ധു എന്നറിയപ്പെടുന്ന കണ്ണൂരിലെ മുൻകാല വ്യവസായ പ്രമുഖൻ പി.കെ. ബാപ്പുവിെൻറ സ്മരണക്ക് ഏർപ്പെടുത്തിയതാണ് പുരസ്കാരം.
