ലോകത്താദ്യമായി മാസപ്പിറവി നിരീക്ഷിക്കാൻ ഡ്രോണുകളെ രംഗത്തിറക്കി യു.എ.ഇ
text_fieldsദുബൈ: റമദാൻ മാസപ്പിറവി നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുമെന്ന് അറിയിച്ച് യു.എ.ഇ. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം മാസപ്പിറവി നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. യു.എ.ഇ ഫത്വ കൗൺസിലാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. ഡ്രോണുകൾ നിർമ്മിത ബുദ്ധി സാങ്കതികവിദ്യ അടക്കമുള്ള സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ്.
നേരിട്ട് കാണുന്നതിന്‍റെ ഒരു വിപുലീകരണമാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണമെന്ന് ഫത്വ കീൺസിൽ വിശദീകരിച്ചു. മാസപ്പിറവി ഉറപ്പിക്കാൻ നേരിട്ടുകാണണമെന്ന പ്രവാചക അധ്യാപനത്തിന്‍റെ അടിസ്ഥാനത്തിലുള്ള തത്വം ചൂണ്ടിക്കാണിച്ചാണ് ഇക്കാര്യം കൗൺസിൽ വിശദീകരിച്ചത്.
നഗ്നനേത്രങ്ങൾ കൊണ്ടുള്ള നിരീക്ഷണത്തിനു പുറമെ, ചന്ദ്രക്കല ദർശനത്തിന്റെ കൃത്യത ഉറപ്പാക്കാൻ ഏറ്റവും മികച്ച നൂതന ഉപകരണങ്ങൾ രാജ്യത്തുടനീളം ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മാസപ്പിറവിയുടെ ചിത്രങ്ങൾ പകർത്താനും ശാസ്ത്രീയ സ്ഥിരീകരണത്തിനും ഈ ഉപകരണങ്ങൾ സഹായിക്കാറുണ്ട്. ജ്യോതിശാസ്ത്ര കണക്കുകൾ അനുസരിച്ച് ചന്ദ്രപ്പിറ കാണുന്ന സമയം കൃത്യമായി മനസിലാക്കുകകയും യു.എ.ഇയുടെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം ചിത്രങ്ങൾ പകർത്തുകയും ചെയ്യാറുണ്ട്.
മാസപ്പിറ കാണുന്നതിന്‍റെ കൃത്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനായി ദേശീയ സ്ഥാപനങ്ങൾ, പ്രത്യേക ഗവേഷണ കേന്ദ്രങ്ങൾ, ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങൾ എന്നിവയുമായി ഏകോപിപ്പിച്ചാണ് ഡ്രോൺ സംവിധാനം നടപ്പിലാക്കുന്നത്. ഭാവിയിൽ വിവിധ ലോക രാജ്യങ്ങളിൽ മാസപ്പിറവി കാണാനായി ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ പട്ടികയിൽ ഡ്രോണുകൾ ഇടംപിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

