ദുബൈയിൽ ട്രാഫിക് സിഗ്നലുകൾ ശുചീകരിക്കാൻ ഡ്രോൺ
text_fieldsദുബൈ: ദുബൈയിൽ ട്രാഫിക് സിഗ്നലുകൾ ഇനി ഡ്രോണുകൾ വൃത്തിയാക്കും. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഉടൻ നടപ്പാക്കാനാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ തീരുമാനം. നിലവിൽ തൊഴിലാളികളെ ക്രെയ്നുകളിലും മറ്റും ഉയർത്തിയാണ് എമിറേറ്റിലെ ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കുന്നത്. അത്യാധുനിക ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ ഇത് പൂർണമായും ഒഴിവാക്കാനാവും.
കൂടാതെ ഹെവി ഉപകരണങ്ങളുടെ ഉപയോഗം കുറച്ച് പ്രവർത്തന ചിലവ് പരമാവധി കുറക്കാനും കഴിയും. പദ്ധതിയുടെ ആദ്യ ഘട്ടം മർറാക്കഷ് സ്ട്രീറ്റ്-റെബാത്ത് സ്ട്രീറ്റ് ജങ്ഷനിൽ ആയിരിക്കും നടപ്പിലാക്കുക. ഇതിന്‍റെ ഭാഗമായി ഇവിടെ ഗതാഗത നിരോധിക്കും. നേരത്തെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ സിഗ്നലുകളുടെ ഒരു ഭാഗം മൂന്നോ നാലോ മിനിറ്റിനുള്ളിൽ വൃത്തിയാക്കാൻ സാധിച്ചിരുന്നതായി വ്യക്തമായിരുന്നു.
ഇതുവഴി പ്രവർത്തന സമയം 25-50 ശതമാനം വരെയും ചെലവ് 15 ശതമാനം വരെയും കുറക്കാൻ കഴിഞ്ഞു. ഈ രംഗത്ത് ഏറ്റവും നൂതനമായ ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ ചെലവ് കുറക്കൽ 25 ശതമാനം വരെ കുറക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ആർ.ടി.എയുടെ റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്‍റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്ത പറഞ്ഞു.
ഇന്ധനത്തിന്‍റെയും ജലത്തിന്‍റെയും ഉപയോഗം കുറക്കുന്നതിലൂടെ കാർബൺ പുറന്തൽ കുറച്ച് കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനും സാധിക്കും. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിവിധ വിഭവങ്ങളെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും അതുവഴി റോഡ് ഉപയോക്താക്കളെ സുരക്ഷിതരാക്കുന്നതിനുമായി നൂതന സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്ന ആർ.ടി.എയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നീക്കമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളിൽ മനുഷ്യ അധ്വാനം കുറക്കുന്നതിന്‍റെ ഭാഗമായി ഡ്രോണുകൾ ഉപയോഗിച്ച് , ട്രാം സ്റ്റേഷനുകളുടെ മുൻഭാഗങ്ങൾ വൃത്തിയാക്കുന്ന പരീക്ഷണ പദ്ധതിയും അടുത്തിടെ ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

