മെട്രോസ്റ്റേഷൻ വൃത്തിയാക്കാൻ ഡ്രോണുകൾ
text_fieldsഡ്രോൺ ഉപയോഗിച്ച് മെട്രോ സ്റ്റേഷൻ ശുചീകരിക്കുന്നു
ദുബൈ: നഗരത്തിലെ മെട്രോസ്റ്റേഷനുകൾ വൃത്തിയാക്കാൻ ഇനി ഡ്രോണുകളും രംഗത്തിറങ്ങും. ദുബൈ മെട്രോ, ട്രാം എന്നിവയുടെ ഓപറേറ്ററായ കിയോലിസ് എം.എച്ച്.ഐ എന്ന കമ്പനിയുമായി സഹകരിച്ചാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പദ്ധതി നടപ്പാക്കുന്നത്. 15 പേരടങ്ങുന്ന സംഘമാണ് മെട്രോസ്റ്റേഷൻ വൃത്തിയാക്കാൻ നിലവിൽ വേണ്ടിവരുന്നത്.ഡ്രോണിനെ രംഗത്തിറക്കുന്നതോടെ എട്ട് പേരടങ്ങുന്ന സംഘത്തിന് ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിയുടെ പരീക്ഷണം നടന്നുവരുകയാണ്. മെട്രോ, ട്രാം സ്റ്റേഷനുകളുടെ പുറം ഭാഗം വൃത്തിയാക്കാനാണ് ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.
തൊഴിലാളികൾ ഉയർന്ന ഭാഗങ്ങൾ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ മറികടക്കാനും സംവിധാനം സഹായിക്കും. സുരക്ഷ വർധിപ്പിക്കുന്നതിനും ദുബൈയുടെ സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനുമുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയാണ് സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അതോറിറ്റിയുടെ റെയിൽ ഏജൻസിയിലെ മെയിന്റനൻസ് ഡയറക്ടർ മുഹമ്മദ് അൽ അമീരി പറഞ്ഞു. ശുചീകരണത്തിന് ഡ്രോണുകൾ ഉപയോഗിക്കുമ്പോൾ സാധാരണയിലും കുറഞ്ഞ വെള്ളം മാത്രമേ ആവശ്യമായി വരൂ. ഇത് ദുബൈയുടെ സുസ്ഥിരതാ നയത്തെയും പിന്തുണക്കുന്നതാണ്.
നിലവിൽ പൂർത്തിയാക്കിയ പരീക്ഷണ നടപടികൾ സംരംഭത്തെക്കുറിച്ച് മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകുന്നതാണെന്നും, ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നതാണിതെന്നും പ്രസ്താവനയിൽ ആർ.ടി.എ വ്യക്തമാക്കി. പരമ്പരാഗത രീതിയും ഡ്രോൺ ഉപയോഗിച്ചുള്ള സംവിധാനവും സംയോജിപ്പിച്ചുള്ള രീതി പിന്തുടരാനാണ് ആർ.ടി.എയും കിയോലിസ് എം.എച്ച്.ഐയും ആലോചിക്കുന്നത്.നൂതനാശയങ്ങളിലൂടെയും കാര്യക്ഷമതയും സുസ്ഥിര രീതികളും അവലംബിച്ച് പൊതുഗതാഗത സംവിധാനം നവീകരിക്കാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

