സുരക്ഷ ഉറപ്പാക്കാൻ റാസൽഖൈമയിൽ ഡ്രോണുകൾ; സംയോജിത എയര്‍ സപ്പോര്‍ട്ട് പ്ലാറ്റ്ഫോം ആരംഭിച്ചതായി റാക് പൊലീസ്
text_fieldsറാക് പൊലീസ് ഉപയോഗിക്കുന്ന ഡ്രോൺ
റാസല്‍ഖൈമ: എമിറേറ്റിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിവിധ തലങ്ങളിൽ ഡ്രോണുകളുടെ ഉപയോഗം സജീവമാക്കുന്നു. ഇതിന്‍റെ ഭാഗമായി അതിവേഗത്തിൽ സേവനം ലഭ്യമാക്കുന്നതിന് ഡ്രോണുകളെ നിയന്ത്രിക്കുന്ന സംയോജിത എയര്‍ സപ്പോര്‍ട്ട് പ്ലാറ്റ്ഫോം ആരംഭിച്ചതായി റാക് പൊലീസ് അറിയിച്ചു.
സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ കൺട്രോൾ സെന്‍ററിൽ നിന്ന് അധികൃതർക്ക് ഇടപെടൽ നിയന്ത്രിക്കാൻ സംവിധാനത്തിലൂടെ സാധിക്കും. പൊലീസ് പ്രവര്‍ത്തനങ്ങളെയും ഇടപെടലുകളെയും സഹായിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് എയര്‍ സപ്പോര്‍ട്ട് പ്ലാറ്റ്ഫോം വികസിപ്പിച്ചതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.
പ്രതികരണത്തിന്‍റെ വേഗത വര്‍ധിപ്പിക്കുക, സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, കേന്ദ്ര ഓപ്പറേഷന്‍ റൂമുകളില്‍ നിന്ന് നേരിട്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയാണ് എയര്‍ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. സമൂഹ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും നിര്‍മിത ബുദ്ധിയും ഉപയോഗിക്കണമെന്നത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രഖ്യാപിത നയമാണ്.
അപകടങ്ങള്‍, ഗതാഗത കുരുക്ക്, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി അസാധാരണ പ്രതിസന്ധി ഘട്ടങ്ങളില്‍ സംഭവ സ്ഥലത്തെ ദൃശ്യങ്ങള്‍ ഞൊടിയിടയില്‍ ലഭ്യമാകുന്നത് അതിവേഗത്തിലുള്ള സേവനം സാധ്യമാക്കുമെന്നും അലി അബ്ദുല്ല വ്യക്തമാക്കി.
റാക് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ സംവിധാനവുമായി സംയോജിപ്പിച്ചാണ് എയര്‍ സപ്പോര്‍ട്ട് പ്ലാറ്റ്ഫോം സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഓപ്പറേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. അബ്ദുല്ല അഹമ്മദ് അല്‍ നുഐമി പറഞ്ഞു. ഓപറേഷന്‍ റൂമില്‍ നിന്ന് ഡ്രോണുകള്‍ നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും സാധിക്കും. പരിപാടികൾ നടക്കുന്നയിടങ്ങളിലും മറ്റു പ്രധാന സ്ഥലങ്ങളിലേക്കും ഡ്രോണുകൾ എത്തിക്കാനും ഉയര്‍ന്ന സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഡ്രോണുകള്‍ നിയന്ത്രിക്കുന്നതിനും പൊലീസ് ടീമിലെ പ്രത്യേക സംഘത്തിന് പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഡോ. അബ്ദുല്ല വ്യക്തമാക്കി.
അടുത്ത ഘട്ടത്തില്‍ ഈവന്‍റ് മോണിറ്ററിങ്, പട്രോളിങ് സഹായം, ഫീല്‍ഡ് റിപ്പോര്‍ട്ടിങ് തുടങ്ങിയ മേഖലകളിൽ കൂടി സ്മാര്‍ട്ട് ഡ്രോണുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

