ഫുജൈറ വിമാനത്താവളത്തിൽ ഡ്രോൺ കാർഗോ സർവിസ്; പരീക്ഷണ പറക്കൽ വിജയകരം
text_fieldsഫുജൈറ: ഫുജൈറ വിമാനത്താവളത്തിൽ ഡ്രോൺ കാർഗോ സർവീസ് തുടങ്ങുന്നു. എയർട്രാഫിക് കൺട്രോൾ യൂനിറ്റിന്‍റെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസം നടന്ന ഡ്രോൺ കാർഗോ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഡ്രോൺ സമുദ്രത്തിൽ ഒരുക്കിയ പ്ലാറ്റ്‌ഫോമിലേക്ക് വിജയകരമായി ചരക്കുകൾ എത്തിച്ചു.
ലോജിസ്റ്റിക് കമ്പനിയായ ലോഡ് ഓട്ടോണമസ്, ഫുജൈറ സിവിൽ ഏവിയേഷൻ അതോറിറ്റി, ഫുജൈറ എയർ നാവിഗേഷൻ സർവീസസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഫുജൈറ വിമാനത്താവളത്തിന്‍റെ ചരിത്രത്തിൽ പുതിയ ചുവട്വെപ്പാണ് കാർഗോ ഡ്രോൺ സർവിസ്. വ്യോമമാർഗമുള്ള ചരക്കു നീക്കത്തിൽ പ്രാദേശിക കേന്ദ്രമായി ഫുജൈറ വിമാനത്താവളത്തെ മാറ്റുന്നതിന് ഡ്രോൺ കാർഗോ സർവിസ് സഹായകമാവുമെന്ന് ഫുജൈറ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വൈസ് ചെയർമാനുമായ മുഹമ്മദ് അബ്ദുള്ള അൽ സലാമി പറഞ്ഞു.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ (ഐ.സി.എ.ഒ) സുരക്ഷാ മാനദണ്ഡങ്ങളും യു.എ.ഇ സിവിൽ ഏവിയേഷൻ നിയമങ്ങളും പാലിച്ചായിരുന്നു പരീക്ഷണ പറക്കൽ. സാങ്കേതിക രംഗത്തെ നവീകരണത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയുമാണ് ഇത് സാധ്യമായതെന്ന് ഫുജൈറ എയർ നാവിഗേഷൻ ചീഫ് എക്സിക്യൂട്ടീവ് കരം ജല്ലാൽ അൽ ബലൂഷി പറഞ്ഞു. വിമാനത്താവളങ്ങളിൽ നിന്ന് സമുദ്രത്തിൽ ഒരുക്കിയ പ്ലാറ്റ്‌ഫോമിലേക്ക് ചരക്കുകൾ ഡ്രോണുകൾ വഴി സുരക്ഷിതവും കാര്യക്ഷമവുമായ രീതിയിൽ എത്തിക്കാനാകുമെന്ന് തെളിയിക്കാനായെന്ന് ലോഡ് ഓട്ടോണമസ് സി.ഇ.ഒ റാശിദ് അൽ മനൈ അഭിപ്രായപ്പെട്ടു.
എയർ കാർഗോ രംഗത്ത് വേഗത്തിൽ വളരാനും ഇതുവഴി കാർബൺ ബഹിർഗമനം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിന് വലിയ സാധ്യതയുണ്ടെന്ന് തെളിയിക്കാനും സാധിച്ചു. ഫുജൈറ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഫുജൈറ എയർ നാവിഗേഷൻ സർവീസസും ഭാവിയിൽ ഡ്രോൺ ഡെലിവറി സേവനങ്ങൾ വികസിപ്പിക്കുകയും കൂടുതൽ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ കാർഗോ സർവീസുകൾ വിപുലീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

