യു.എ.ഇ: അപകടകരമായ ഡ്രൈവിങ്: യുവാവ് അറസ്റ്റിൽ
text_fieldsRepresentational image
ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറെ ദുബൈ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു.
പിന്നിലുള്ള വാഹനം അപകടത്തിൽപെടുന്ന രീതിയിൽ ഇയാൾ മനഃപൂർവം ബ്രേക്ക് ചവിട്ടുകയായിരുന്നു. സി.സി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചശേഷം ഇയാളെ ട്രാഫിക് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കും. സഹയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്കെതിരെ 50,000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

