അജ്മാനിൽ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ ലക്ഷം ദിർഹം പിഴ
text_fieldsപ്രതീകാത്മക ചിത്രം
അജ്മാൻ: ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ രണ്ടുമാസത്തെ ബോധവത്കരണ കാമ്പയിൻ പ്രഖ്യാപിച്ച് അജ്മാൻ പൊലീസ്. റോഡപകടങ്ങൾ കുറക്കുകയും ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യം. ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കാമ്പയിനിലൂടെ ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കും. ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഡ്രൈവറുടെ സുരക്ഷ മാത്രമല്ല, റോഡിലെ എല്ലാ ഉപയോക്താക്കൾക്കും ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി.
ബോധവത്കരണത്തിലൂടെയും കർശന നിയമപാലനത്തിലൂടെയും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സേനയുടെ പ്രതിബദ്ധതയാണ് കാമ്പയിൻ അടിവരയിടുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് സെക്ഷൻ തലവൻ ലഫ്റ്റനന്റ് കേണൽ ഫൗദ്ൽ ഖാജ പറഞ്ഞു. വാഹനമോടിക്കാൻ ശരിയായ പരിശീലനം ലഭിച്ചുവെന്നതിന്റെ തെളിവാണ് ഡ്രൈവിങ് ലൈസൻസ്. സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും അംഗീകൃത രാജ്യാന്തര ലൈസൻസ് ഉണ്ടെങ്കിൽ യു.എ.ഇയിൽ വാഹനമോടിക്കാം. താമസക്കാർക്ക് യു.എ.ഇ ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.
യു.എ.ഇ വിസ ലഭിക്കുന്നതോടെ വിദേശ ലൈസൻസുകളുടെ സാധുത ഇല്ലാതാകും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ ആദ്യതവണ മൂന്നുമാസം തടവോ 5,000ത്തിനും 50,000ത്തിനും ഇടയിൽ പിഴയോ ശിക്ഷ ലഭിക്കും. ലംഘനം ആവർത്തിച്ചാൽ മൂന്നുമാസം തടവോ 20,000 മുതൽ ലക്ഷം ദിർഹം വരെ പിഴയോ ആയിരിക്കും ശിക്ഷ. അംഗീകാരമില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചാൽ ആദ്യതവണ 2,000 മുതൽ 10,000 ദിർഹം വരെയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ 5,000ത്തിനും 50,000ത്തിനും ഇടയിൽ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അജ്മാനിൽ സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ച 24,480 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രശ്നം പരിഹരിക്കേണ്ടതിന്റെ അടിയന്തര സാഹചര്യം എടുത്തുകാണിക്കുന്നതാണ് ഈ കണക്കുകളെന്ന് അജ്മാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

