ഡ്രൈവിങ് ലൈസൻസ്; ആപ്പിലെ അപകട റിപ്പോർട്ടിങ് അറിയണം
text_fieldsദുബൈ: ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർ അപകടങ്ങൾ പൊലീസ് ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യാനും പഠിക്കണം. പുതിയ ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കാൻ ഈ പഠനം കൂടി നിർബന്ധമാക്കുന്ന സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ദുബൈ പൊലീസും റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അധികൃതരും ചർച്ച നടത്തി. ചെറിയ അപകടങ്ങളുണ്ടായാൽ പൊലീസ് പട്രോൾ വാഹനം എത്തിച്ചേരാതെ തന്നെ ആപ്പിൽ സംഭവം റിപ്പോർട്ട് ചെയ്യാനും നാശനഷ്ടങ്ങൾ അറിയിക്കാനുമാണ് നിലവിൽ സംവിധാനമുള്ളത്. എന്നാൽ, പലർക്കും ഇതിന്റെ ഉപയോഗം ശരിയായ രീതിയിൽ അറിയാത്ത പ്രശ്നമുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് പുതിയ ലൈസൻസ് എടുക്കാനെത്തുന്ന ഡ്രൈവർമാർക്ക് പഠനം നിർബന്ധമാക്കുന്നത്.
ദുബൈ പൊലീസും ആർ.ടി.എയും ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിലാണ് വിഷയം ചർച്ചയായത്. വലിയ നാശനഷ്ടങ്ങളോ പരിക്കുകളോ സംഭവിക്കാത്ത അപകടങ്ങളാണ് ആപ്പിൽ റിപ്പോർട്ട് ചെയ്യാനാവുക. അപകടത്തിൽപെട്ട വാഹനം റോഡ് സൈഡിലേക്ക് മാറ്റിയശേഷം ദുബൈ പൊലീസ് ആപ്പിലെ 'സിമ്പിൾ ആക്സിഡന്റ് റിപ്പോർട്ട്' ഫീച്ചറിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. നാശനഷ്ടങ്ങളുടെ ഫോട്ടോകൾ, ലൈസൻസ് നമ്പർ എന്നിവ അപ്ലോഡ് ചെയ്ത് ഇൻഷുറൻസ് കമ്പനികൾക്ക് നൽകാനുള്ള റിപ്പോർട്ടിന് അപേക്ഷിക്കാനും ഇതിലൂടെ കഴിയും.
ദുബൈ പൊലീസിലെയും ആർ.ടി.എയുടെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ട്രാഫിക് ജാമുകൾ ഒഴിവാക്കി ഡ്രൈവർമാരുടെ സമയം ലാഭിക്കുന്ന സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള വഴികളും ചർച്ചയായി. ഈ വർഷം സെപ്റ്റംബർ വരെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 2,550 സൈക്കിളുകൾ ഇരു സ്ഥാപനങ്ങളും കൂടി പിടിച്ചെടുത്തതായും 'സൈക്കിൾ സൗഹൃദ നഗര പദ്ധതി' ആരംഭിച്ച ശേഷം ഇ-സ്കൂട്ടറുകളുടെയും ബൈക്കിന്റെയും ഉപയോഗം വർധിച്ചതായും യോഗം വിലയിരുത്തി. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെ ചെയർമാനുമായ മത്വാർ അൽ തായർ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

