ഹെഡ്ലൈറ്റില്ലാതെ രാത്രി ഡ്രൈവിങ്; 30,000 പേർക്ക് പിഴയിട്ടു
text_fieldsദുബൈ: കഴിഞ്ഞ വർഷം രാജ്യത്തുടനീളം ഹെഡ്ലൈറ്റില്ലാതെ രാത്രി ഡ്രൈവിങ് നടത്തിയ സംഭവങ്ങളിൽ 30,000ത്തോളം പേർക്ക് പിഴയിട്ടു. കൂടുതൽ പേർക്ക് പിഴ ചുമത്തപ്പെട്ടത് ദുബൈയിലാണെന്നും പ്രാദേശിക പത്രം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.ഫെഡറൽ ട്രാഫിക് ആൻഡ് റോഡ് നിയമമനുസരിച്ച് സൂര്യാസ്തമനം മുതൽ സൂര്യോദയം വരെ വാഹനങ്ങളുടെ ലൈറ്റുകൾ ഓൺ ചെയ്തിരിക്കണം. അതോടൊപ്പം മറ്റു റോഡ് ഉപയോക്താക്കളെ സാന്നിധ്യം അറിയിക്കൽ അനിവാര്യമായ മറ്റു സന്ദർഭങ്ങളിലും ലൈറ്റ് തെളിയിക്കാം.ഈ നിയമലംഘനം ദുബൈയിൽ 10,706 എണ്ണമാണ് രേഖപ്പെടുത്തിയത്. ഷാർജയിൽ 8635, അബൂദബിയിൽ 8231, അജ്മാനിൽ 1393, റാസൽഖൈമയിൽ 907, ഉമ്മുൽഖുവൈനിൽ 74, ഫുജൈറയിൽ 67 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പിഴ ലഭിച്ചവരുടെ എണ്ണം.
ഫെഡറൽ ട്രാഫിക് നിയമപ്രകാരം രാത്രിയിലോ മൂടൽമഞ്ഞിലോ ലൈറ്റ് ഉപയോഗിക്കാതെ വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ആണ് ശിക്ഷ. ടെയിൽലൈറ്റ് ഇല്ലെങ്കിലും ടേൺ സിഗ്നലുകൾ അസാധുവാണെങ്കിലോ 400 ദിർഹവും രണ്ട് ബ്ലാക്ക് പോയന്റുകളുമാണ് പിഴ. വാഹനങ്ങളിൽ പിൻവശത്തെ ലൈറ്റുകൾ ഇല്ലാത്തതിന് യു.എ.ഇയിലുടനീളമുള്ള ഗതാഗത വകുപ്പുകൾ കഴിഞ്ഞ വർഷം 10,932 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബൂദബിയിൽ 4279, ദുബൈയിൽ 3901, ഷാർജയിൽ 1603, അജ്മാനിൽ 764, റാസൽഖൈമയിൽ 246, ഉമ്മുൽഖുവൈനിൽ 27, ഫുജൈറയിൽ 112 എന്നിങ്ങനെയാണ് നിയമലംഘനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

