ഡെലിവറിക്ക് അബൂദബിയിൽ ഇനി ഡ്രൈവറില്ലാ വാഹനം
text_fieldsഅബൂദബിയിൽ നിരത്തിലിറങ്ങുന്ന ഡ്രൈവറില്ലാ ഡെലിവറി വാഹനം
അബൂദബി: എമിറേറ്റിൽ ഡെലിവറിക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായി, ആദ്യമായി ഒരു വാഹനത്തിന് അധികൃതർ നമ്പർപ്ലേറ്റ് അനുവദിച്ചു. നേരത്തെ ഇത്തരം ഡെലിവറി വാഹനങ്ങളുടെ പരീക്ഷണയോട്ടം അധികൃതർ പൂർത്തിയാക്കിയിരുന്നു. കെ2, ഇ.എം.എക്സ് എന്നീ കമ്പനികളമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
എമിറേറ്റിലെ ഗതാഗത വകുപ്പായ അബൂദബി മൊബിലിറ്റി നടപ്പിലാക്കുന്ന പദ്ധതി 2040ഓടെ 25ശതമാനം യാത്രകൾ സ്മാർട് ഗതാഗത സംവിധാനങ്ങൾ വഴിയാക്കാനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമാണ്. ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളുടെ പരീക്ഷണയോട്ടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. അബൂദബി നിരത്തിലൂടെ സുരക്ഷിതമായി വാഹനം സഞ്ചരിക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. സ്മാർട് ഗതാഗത ഉപകരണങ്ങളും നിർമ്മിതബുദ്ധിയും സംയോജിപ്പിച്ചതാണ് വാഹനം. മനുഷ്യസ്പർശമില്ലാതെ ഓർഡറുകളുടെ ഡെലിവറി സാധ്യമാകുന്ന വാഹനം ഭാവിയുടെ ഗതാഗത മേഖലയിലെ സജീവ സാന്നിധ്യമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ2 കമ്പനിയുടെ ഉപവിഭാഗമായ ‘ഓട്ടോഗോ’യാണ് ഡ്രൈവറില്ലാ ഡെലിവറി വാഹനം വികസിപ്പിച്ചത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നഗരപ്രദേശങ്ങളിൽ പരിസ്ഥിതി മലിനീകരണം കുറക്കാനും സംവിധാനം ഉപകാരപ്പെടും. നിലവിൽ മസ്ദർ സിറ്റി കേരന്ദീകരിച്ച് നടപ്പിലാക്കുന്ന പദ്ധതി മറ്റിടങ്ങളിലേക്കും വികസിപ്പിക്കാൻ ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്ത മാസങ്ങളിൽ പദ്ധതി സമ്പൂർണമായും നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ സ്വയം നിയന്ത്രിത ടാക്‌സി വാഹനങ്ങളുടെ സര്‍വീസ് അല്‍ റീം, അല്‍ മറിയ ദ്വീപുകളിലേക്ക് കൂടി അബൂദബി മൊബിലിറ്റി വ്യാപിപ്പിച്ചിരുന്നു. ഈ രംഗത്തെ ആഗോള മുന്‍ നിര കമ്പനിയായ വീറൈഡ്, ടാക്‌സി സര്‍വീസ് സേവന ദാതാവായ ഊബര്‍, പ്രാദേശിക ഓപറേറ്ററായ തവസുല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കിയത്. ഇന്‍റലിജന്‍റ് ഗതാഗത ഹബ്ബായി അബൂദബിയെ മാറ്റുകയെന്ന സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്‍റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. നേരത്തേ യാസ് ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍സ് എന്നിവിടങ്ങളിലും ഇവിടെ നിന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമായിരുന്നു സ്വയം നിയന്ത്രിത ടാക്‌സി വാഹനങ്ങള്‍ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

