റാസൽഖൈമയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം; 650 മണിക്കൂറുകളിലായി 16,000 കിലോമീറ്ററിലേറെ യാത്ര ചെയ്തു
text_fieldsറാക് അല്‍ മര്‍ജാന്‍ ഐലന്‍റില്‍ പരീക്ഷണ ഓട്ടം നടത്തുന്ന സ്വയം നിയന്ത്രിത റോബോ ബസ്
റാസല്‍ഖൈമ: റോബോടാക്‌സികളുടെയും റോബോബസുകളുടെയും പരീക്ഷണയോട്ടം റാസൽഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപില്‍ തുടരുന്നു. എമിറേറ്റിൽ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നെന്ന നിലയിലാണ് ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണ ഓട്ടത്തിന് അല്‍ മര്‍ജാൻ ദ്വീപിനെ തിരഞ്ഞെടുത്തത്.
ഭാവി ആവശ്യകതകള്‍ക്ക് അനുസൃതമായ ഗതാഗത സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
നിലവില്‍ റോബോടാക്‌സികളും റോബോബസുകളും പരീക്ഷണ ഘട്ടത്തില്‍ 650 മണിക്കൂറുകളിലായി 16,000 കിലോമീറ്ററിലേറെ സഞ്ചരിച്ചു കഴിഞ്ഞു.
വിവിധ ഗതാഗത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നൂതന സെന്‍സിങ്, നാവിഗേഷന്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയും പരീക്ഷണഘട്ടത്തില്‍ വിലയിരുത്തി. വാഹനങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്.
ഐ.എസ്.ഒ. 26262, ഐ.എസ്.ഒ. 21448 എന്നീ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ വിനോദസഞ്ചാര മേഖലകളില്‍ ഉള്‍പ്പടെ പൊതു ഉപയോഗത്തിനായി സ്വയംനിയന്ത്രിത വാഹനങ്ങള്‍ വിന്യസിക്കാനുള്ള തീരുമാനത്തിന് മികച്ച പിന്തുണയാണ് താമസക്കാരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പൊതു സുരക്ഷ, സൈബര്‍ സുരക്ഷ, ഡേറ്റ സംരക്ഷണം എന്നിവയ്ക്ക് അതീവ പ്രാധാന്യം നല്‍കിയാണ് സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഒരുക്കുന്നത്.
ഭാവിയില്‍ അധിക വാഹനങ്ങള്‍ വിന്യസിച്ചും റൂട്ടുകള്‍ വിപുലീകരിച്ചും എമിറേറ്റിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യും. ഗതാഗതകുരുക്കും കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കുന്നതിലും സ്വയംനിയന്ത്രിത വാഹനങ്ങള്‍ നിര്‍ണായകമാകും.
സ്മാര്‍ട്ട്, സുസ്ഥിര ഗതാഗത നവീകരണത്തിന്‍റെ പ്രധാന കേന്ദ്രമായി എമിറേറ്റിന്‍റെ പദവി ഉയര്‍ത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

