അബൂദബിയിൽ റോഡ് വൃത്തിയാക്കാൻ ഡ്രൈവറില്ലാ വാഹനം
text_fieldsറോബോസ്വീപ്പർ, ഡ്രൈവറില്ലാ വാഹനം
അബൂദബി: നഗരത്തിലെ കോർണിഷ് പരിസരത്തെ റോഡുകൾ വൃത്തിയാക്കാൻ ഇനി ഡ്രൈവറില്ലാ വാഹനം. റോബോസ്വീപ്പർ എന്ന ഡ്രൈവറില്ലാ വാഹനമാണ് അധികൃതർ രംഗത്തിറക്കിയിരിക്കുന്നത്. മനുഷ്യസഹായമില്ലാതെ തെരുവുകൾ വൃത്തിയാക്കാനും അണുമുക്തമാക്കാനും റോബോ സ്വീപ്പറിന് കഴിയും.
ആദ്യഘട്ടത്തിൽ അബൂദബി കോർണിഷിലെ തെരുവും, പാതയോരങ്ങളും പെഡസ്ട്രിയൻ ക്രോസിങും വൃത്തിയാക്കാനാണ് ഇത് രംഗത്തിറക്കുക. നേരത്തേ നിശ്ചയിച്ച റൂട്ടിൽ അപകമുണ്ടാക്കാതെ സഞ്ചരിച്ച് പ്രദേശം കൃതൃമായി വൃത്തിയാക്കാൻ ഈ വാഹനത്തിന് കഴിയും.
എമിറേറ്റിലെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കെ2 അനുബന്ധ സ്ഥാപനമായ ഓട്ടോഗോയാണ് വാഹനം വികസിപ്പിച്ചെടുത്തത്. അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ്(ഡി.എം.ടി) പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കുന്നത്.
സെൻസറുകളും നവീന നാവിഗേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് റോബോസ്വീപ്പറുകൾ പ്രവർത്തിക്കുന്നത്. മുൻകൂട്ടി പ്രോഗ്രാം ചെയ്ത റൂട്ടുകളിലൂടെ സഞ്ചരിക്കുന്ന വാഹനത്തിൽ നേരിട്ടുള്ള മനുഷ്യ ഇടപെടൽ ആവശ്യമില്ല. നടപ്പാതകൾ, പൊതു ഇടങ്ങൾ, കാൽനടയാത്രക്കാർക്കുള്ള ഇടങ്ങൾ തുടങ്ങിയവ ഉൾകൊള്ളുന്ന നഗര മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് രൂപകൽപ്പന ചെയ്‌തതാണ് റോബോസ്വീപ്പർ.
മികച്ച പൊതുശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനും സഹായിക്കും.റോബോസ്വീപ്പർ ഉപയോഗിച്ച് ശുചീകരണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഭാവി നഗരങ്ങൾ രൂപപ്പെടുത്തുന്നതിൽ സുപ്രധാനമായ മുന്നേറ്റത്തെയാണ് റോബോസ്വീപ്പറുകൾ പ്രതിനിധീകരിക്കുന്നതെന്നും അബൂദബിയുടെ കാഴ്ചപ്പാടിന് അനുസരിച്ച് സാങ്കേതിക രംഗത്ത് കൂടുതൽ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കെ2 മാനേജിങ് ഡയറക്ടർ സീൻ ടിയോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

