ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണം വർഷാവസാനം
text_fieldsഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പുവെച്ച വീറൈഡ്, ഊബർ കമ്പനി പ്രതിനിധികൾ
ആർ.ടി.എയുടെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: എമിറേറ്റിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണയോട്ടം ഈ വർഷം അവസാനത്തിൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് വീറൈഡ്, ഊബർ എന്നീ കമ്പനികളുമായി ധാരണപത്രം ഒപ്പുവെച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
2025 അവസാനത്തോടെ ഊബർ ആപ് വഴി പൈലറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവർത്തനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സുരക്ഷ ഡ്രൈവർമാരെ വാഹനങ്ങളിൽ ഉൾപ്പെടുത്തും. പരീക്ഷണയോട്ടത്തിനു ശേഷം 2026 മുതൽ പൂർണമായ വാണിജ്യ സേവനം ആരംഭിക്കുകയും ചെയ്യും.
ദുബൈയെ ലോകത്തെ ഏറ്റവും സ്മാർട്ടായ നഗരമാക്കി മാറ്റുക എന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസരിച്ച്, ഏറ്റവും മികച്ചതും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള ഒരു സുപ്രധാന ഗതാഗത സംവിധാനമാണ് ഓട്ടോണമസ് വാഹനങ്ങളെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. 2030 ആകുമ്പോഴേക്കും എമിറേറ്റിലെ എല്ലാ ഗതാഗത സംവിധാനങ്ങളുടെയും 25 ശതമാനം ഓട്ടോണമസ് രീതിയിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്ന ദുബൈ സ്മാർട്ട് സെൽഫ്-ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളെയും ഇത് പിന്തുണക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2026ഓടെ ഡ്രൈവറില്ലാ ടാക്സികൾ പുറത്തിറക്കുമെന്ന് ഏപ്രിലിൽ ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു.
പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ റോഡ് മാപ്പിങ്, ഡേറ്റ ശേഖരണം, റൂട്ട് സ്കാനിങ് എന്നിവക്കായി 60ലധികം വാഹനങ്ങൾ വിന്യസിക്കുമെന്നും എമിറേറ്റിലുടനീളം 65 സോണുകളിൽ പൈലറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കഴിഞ്ഞ മാസം അതോറിറ്റി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
അബൂദബിയിൽ ഊബറും വീറൈഡും കഴിഞ്ഞ വർഷം അവസാനം സെൽഫ് ഡ്രൈവിങ് ടാക്സികളുടെ പരീക്ഷണ സേവനം ആരംഭിച്ചിരുന്നു.
ആർ.ടി.എ ഡയറക്ടർ ജനറലിനൊപ്പം, ഊബറിന്റെ ചീഫ് ബിസിനസ് ഓഫിസർ മധു കണ്ണൻ, വീറൈഡിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക റീജനൽ ജനറൽ മാനേജർ റയാൻ ഷാൻ എന്നിവർ ധാരണപത്ര ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

