മസ്ദർ സിറ്റിയിൽ ഡ്രൈവറില്ലാ വാഹനം പരീക്ഷണയോട്ടം തുടങ്ങി
text_fieldsഅബൂദബി: സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണയോട്ടത്തിന് അബൂദബിയിൽ തുടക്കം. സംയോജിത ഗതാഗത സെന്ററിന്റെ (ഐ.ടി.സി) മേൽനോട്ടത്തിൽ മുബാദല കമ്പനിയുമായി സഹകരിച്ച് മസ്ദര്‍ സിറ്റിയിലാണ് നാലാം തലമുറ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണയോട്ടം ആരംഭിച്ചത്. സീമന്‍സ് ബില്‍ഡിങ്, നോര്‍ത്ത് കാര്‍ പാര്‍ക്ക്, മൈ സിറ്റി സെന്റര്‍ മസ്ദര്‍ മാള്‍, സെന്‍ട്രല്‍ പാര്‍ക്ക് തുടങ്ങിയ പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ച് 2.4 കിലോമീറ്റർ റൂട്ടിലാണ് പരീക്ഷണയോട്ടം.
ആദ്യഘട്ടത്തില്‍ സുരക്ഷ ഓഫിസര്‍മാര്‍ ഈ വാഹനത്തിലുണ്ടാവും. എങ്കിലും വാഹനം പൂര്‍ണമായും സ്വയം നിയന്ത്രിതമായിരിക്കും. അബൂദബിയിലെ നിശ്ചിത മേഖലകളില്‍ പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കാന്‍ വാഹനങ്ങളെ പ്രാപ്തമാക്കുന്ന ലെവല്‍ 4 ഓട്ടോമേഷന്‍ എ.വി സാങ്കേതികവിദ്യയിലെ സുപ്രധാന കുതിച്ചുചാട്ടമാണിത്. സംയോജിത ഗതാഗത കേന്ദ്രമാണ് ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷനും ടെസ്റ്റിങ്ങും പ്രവര്‍ത്തനാനുമതിയും നല്‍കുക. മസ്ദര്‍ സിറ്റി സി.ഇ.ഒ. അഹമ്മദ് ബഗൂം, സംയോജിത ഗതാഗത കേന്ദ്രം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫലി എന്നിവര്‍ പദ്ധതിയില്‍ അഭിമാനം പ്രകടിപ്പിച്ചു.
സ്വയം നിയന്ത്രിത റോബോ ടാക്സിയുടെ പരീക്ഷണ ഓട്ടവും അബൂദബിയില്‍ നടന്നുവരുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യം സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയം നിയന്ത്രിത ഗതാഗത പരിഹാര കമ്പനിയായ ഓട്ടോഗായാണ് റോബോ ടാക്സിയുടെ പരീക്ഷണയോട്ടം നടത്തുന്നത്. സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ചാണിത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, സുസ്ഥിര ഗതാഗതം കൈവരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് റോബോ ടാക്സികള്‍ മുന്നോട്ടുവെക്കുന്നത്.
പൊതുനിരത്തുകളിലെ അതതു സാഹചര്യങ്ങളുമായി വാഹനം എങ്ങനെ പെരുമാറുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്ന പരീക്ഷണയോട്ടം ചൈനീസ് ടെക് അതികായരായ ബൈഡുവിന്റെ സഹസ്ഥാപനമായ അപ്പോളോ ഗോയുമായി സഹകരിച്ചാണ് ഓട്ടോ ഗോ നടത്തുന്നത്. 2026ഓടെ അബൂദബിയിലുടനീളം റോബോ ടാക്സികള്‍ വ്യാപിപ്പിക്കുന്നതിന് റോബോ ടാക്സിയെ പര്യാപ്തമാക്കുകയെന്നതും പരീക്ഷണത്തിന്റെ ലക്ഷ്യമാണ്. ഊബറും ചൈനയുടെ വീ റൈഡും ചേര്‍ന്ന് പശ്ചിമേഷ്യയിലെ ആദ്യത്തെ വാണിജ്യ ഡ്രൈവര്‍ രഹിത വാഹന സര്‍വിസിന് ഡിസംബറില്‍ അബൂദബിയില്‍ തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

