അബൂദബിയിൽ ഡ്രൈവറില്ലാ ഊബര്‍ ടാക്സി പുറത്തിറക്കി
text_fieldsഅബൂദബിയിൽ അവതരിപ്പിച്ച ഡ്രൈവറില്ലാ ഊബര്‍ ടാക്സി
അബൂദബി: എമിറേറ്റിൽ ഡ്രൈവറില്ലാ ഊബര്‍ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് അബൂദബിയിലെ വിവിധ ഇടങ്ങളില്‍ ഡ്രൈവറില്ലാ ഊബര്‍ ടാക്സി നിരത്തിലിറക്കിയത്. പ്രഖ്യാപനച്ചടങ്ങില്‍ പ്രസിഡന്‍ഷ്യല്‍ കോടതി ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ്യാന് സന്നിഹിതനായിരുന്നു. സഅദിയാത്ത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ ഊബര്‍ ടാക്സികള്‍ വിന്യസിക്കുക.
വാണിജ്യാടിസ്ഥാനത്തില്‍ അടുത്തവര്‍ഷം സേവനം തുടങ്ങും. ആദ്യഘട്ടത്തില്‍ സുരക്ഷ ഓപറേറ്റര്‍ വാഹനത്തിലുണ്ടാകും. അബൂദബി മൊബിലിറ്റിയുടെ പിന്തുണയോടെ സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ മാര്ഗനിര്ദേശത്തിന് കീഴിൽ ഊബര്‍ പ്ലാറ്റ്ഫോമില്‍ വീ റൈഡ് നടത്തുന്ന ഡ്രൈവറില്ലാ ടാക്സി സേവനത്തിന്റെ ഉത്തരവാദിത്തം തവസുല്‍ ട്രാന്‍സ്പോര്‍ട്ടിനാണ്. ഊബർ എക്സ് അല്ലെങ്കില്‍ ഊബര്‍ കംഫര്‍ട്ട് സര്‍വിസസ് എന്നിവയിലൂടെ ഡ്രൈവറില്ലാ ടാക്സി ബുക്ക് ചെയ്യാം. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാവും സര്‍വിസ് എങ്കിലും വൈകാതെ എമിറേറ്റിലുടനീളം സേവനം വ്യാപിപ്പിക്കും. നവീന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും ഗതാഗതരംഗത്തെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള പ്രയാണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് അബൂദബി മൊബിലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ ഗാഫ്ലി പറഞ്ഞു. അബൂദബി നിക്ഷേപ ഓഫിസ് ഡയറക്ടര്‍ ജനറല്‍ ബദര്‍ അല്‍ ഒലാമ, തവസുല്‍ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ മാനേജര്‍ ഗീന ജബൂര്‍, വീറൈഡ് സി.എഫ്.ഒയും അന്താരാഷ്ട്ര ബിസിനസ് മേധാവിയുമായ ജന്നിഫര്‍ ലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

