വിമാനത്തിൽ ബാഗേജ് എത്തിക്കാൻ ഡ്രൈവറില്ലാ ട്രാക്ടറുകൾ
text_fieldsആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കിയ ഡ്രൈവറില്ലാ ഇലക്ട്രിക് ട്രാക്ടർ
ദുബൈ: വിമാനത്തിലേക്ക് ബാഗേജുകൾ എത്തിക്കാൻ ഉപയോഗിക്കുന്ന ട്രാക്ടറുകൾക്ക് ഇനി ഡ്രൈവറുണ്ടാകില്ല. ദുബൈ വേൾഡ് സെൻട്രൽ എന്ന ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളമാണ് നവീനമായ ഡ്രൈവറില്ലാ ഇലക്ട്രിക് ട്രാക്ടറുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ആറ് സ്വയം നിയന്ത്രിത വാഹനങ്ങളാണ് ഏവിയേഷൻ സേവന കമ്പനിയായ ഡിനാറ്റ വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. 60 ലക്ഷം ദിർഹം നിക്ഷേപത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ആൽ മക്തൂമിൽ നൂതന സംവിധാനങ്ങൾ വിന്യസിക്കുന്നതിന്റെ ഭാഗമാണിത്. ഡ്രൈവറില്ലാ ട്രാക്ടറുകൾക്ക് ഒരേ സമയം നാല് ബാഗേജ് കണ്ടെയ്നറുകൾ വരെ കൊണ്ടുപോകാൻ സാധിക്കും. ആദ്യഘട്ടത്തിൽ ജീവനക്കാരുടെ മേൽനോട്ടത്തിൽ തന്നെയാണ് വാഹനം പ്രവർത്തിപ്പിക്കുക.
അടുത്ത വർഷം ആദ്യത്തോടെ സംവിധാനം പൂർണമായും മനുഷ്യ സാന്നിധ്യമില്ലാത്തതാകും. ‘ട്രാക്റ്റ് ഈസി’ വികസിപ്പിച്ച ‘ഇ.സെഡ്.ടോ’ മോഡൽ ട്രാക്ടറുകളാണ് വിമാനത്താവളത്തിൽ പുറത്തിറക്കിയത്. കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരെ കൂടുതൽ മറ്റു സങ്കീർണമായ പ്രവർത്തനങ്ങളിൽ വിന്യസിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നതാണ് സംരംഭമെന്ന് ഡിനാറ്റ കമ്പനി പ്രസ്താവിച്ചു.
ലോകത്ത് 15 രാജ്യങ്ങളിലായി സമാനമായ സംവിധാനം പരീക്ഷണ ഘട്ടത്തിലുണ്ട്. ദൈനംദിന വിമാനത്താവള പ്രവർത്തനത്തിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് ദുബൈ പിന്നിട്ടിരിക്കുന്നത്.
നിലവിൽ വിമാനത്താവളങ്ങളിൽ ബാഗേജുകൾ ടെർമിനലിലേക്കും തിരിച്ചും എത്തിക്കുന്നത് മനുഷ്യ നിയന്ത്രിത ട്രാക്ടറുകളിലാണ്. സ്വയം നിയന്ത്രിത ട്രാക്ടറുകൾ മുൻ നിശ്ചയിച്ച റൂട്ടുകളിൽ 15കി.മീറ്റർ വേഗത്തിലാണ് സഞ്ചരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

