ഡ്രൈവറില്ലാ ടാക്സികൾ ആദ്യ ഘട്ടത്തിൽ 65 സ്ഥലങ്ങളിൽ
text_fieldsഡ്രൈവറില്ലാ ടാക്സികൾ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ മാപ്പ്
ദുബൈ: എമിറേറ്റിൽ ഡ്രൈവറില്ലാ റോബോടാക്സി സേവനങ്ങൾ ആദ്യഘട്ടത്തിൽ 65 സ്ഥലങ്ങളിൽ ആരംഭിക്കും. രണ്ട് മേഖലകളിലായാണ് 65 സ്ഥലങ്ങൾ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുക. കഴിഞ്ഞദിവസം ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സോൺ ഒന്നിലെ 17 സ്ഥലങ്ങളും സോൺ രണ്ടിലെ 48 സ്ഥലങ്ങളുമാണ് ഉൾപ്പെടുക. ആയിരത്തിലേറെ വാഹനങ്ങൾ പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്യും.
ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ നിയന്ത്രണ കേന്ദ്രം കഴിഞ്ഞദിവസമാണ് ഉദ്ഘാടനം ചെയ്തത്. അപ്പോളെ ഗോ പാർക്ക് എന്ന പേരിൽ ദുബൈ സയൻസ് പാർക്കിലാണ് കൺട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചത്. ചൈനയിലെ ബൈദുസ് ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പും ദുബൈ ആർ.ടി.എയും ചേർന്നാണ് ദുബൈ അപ്പോളോ ഗോ പാർക്കിന് തുടക്കം കുറിച്ചത്. ചൈനക്ക് പുറത്ത് ബൈദു ഗ്രൂപ്പ് ആരംഭിക്കുന്ന ആദ്യ ഓട്ടോണമസ് വെഹിക്കിൾ കൺട്രോൾ സെന്റററാണിത്. ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ, ബൈദു ഗ്രൂപ്പ് കോർപറേറ്റ് വൈസ് പ്രസിഡന്റ് യുങ് പെങ് വാങ് എന്നിവർ ചേർന്നാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രണ്ടായിരം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഈ നിയന്ത്രണ കേന്ദ്രത്തിൽ നൂറിലധികം ജീവനക്കാരുണ്ടാകും.
അപ്പോളോ ഗോ ഡ്രൈവറില്ലാ വാഹനങ്ങളുടെ ഫ്ലീറ്റ് ഓപറേഷൻ, അറ്റകുറ്റപ്പണികൾ, ചാർജിങ്, സോഫ്റ്റ് വെയർ അപ്ഡേഷൻ, സുരക്ഷാപരിശോധന എന്നിവയെല്ലാം ഈ കേന്ദ്രത്തിൽ നിന്നായിരിക്കും. ഡ്രൈവിങ് സീറ്റിൽ സുരക്ഷക്കായി ഡ്രൈവറില്ലാതെ തന്നെ സ്വയം നിയന്ത്രിത വാഹനങ്ങൾ ദുബൈയിലെ പൊതുറോഡിൽ പരീക്ഷിക്കാനാണ് ആർ.ടി.എ ബൈദു കമ്പനിക്ക് അനുമതി നൽകിയിരിക്കുന്നത്.
കഴിഞ്ഞവർഷം ജൂലൈയിലാണ് വാഹനങ്ങളുടെ പരീക്ഷണത്തിന് കമ്പനിക്ക് അനുമതി ലഭിച്ചത്. ഈവർഷം ആദ്യപാദത്തിൽ അപ്പോളോ ഗോയുടെ ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനം ദുബൈ നഗരത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

