ഡ്രൈവറില്ലാ ടാക്സികൾക്ക് വഴിയൊരുങ്ങുന്നു
text_fieldsദുബൈ ജുമൈറ-1 ഏരിയയിൽ റോഡ് മാപ്പിങ് നടത്തുന്ന ക്രൂസ് കാറുകൾ
ദുബൈ: ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നതിന് അവസാനഘട്ട ഒരുക്കങ്ങൾ തുടങ്ങി. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇതിന്റെ ഭാഗമായി സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂസുമായി സഹകരിച്ച് ജുമൈറ-1 ഏരിയയിലെ റോഡുകളിൽ മാപ്പിങ് തുടങ്ങി.
അഞ്ചു ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ച് ട്രാഫിക് സിഗ്നലുകൾ, സൈനേജ്, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച വിവരശേഖരണവും സാങ്കേതികവിദ്യയുടെ പരിശോധനയുമാണ് പ്രധാനമായും നടക്കുന്നത്.
സ്മാർട്ട് മൊബിലിറ്റിയിലും നൂതന സാങ്കേതികവിദ്യയിലും മികവുപുലർത്തുന്നതിലെ നിർണായക ഘട്ടമാണ് പരിശോധനയെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹ്മദ് ഹാഷിം ബഹ്റൂസിയൻ പറഞ്ഞു. ‘ക്രൂസി’ന്റെ വാഹനങ്ങൾ ദുബൈ ട്രാഫിക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സ്വയംഭരണ ഡ്രൈവിങ് സംവിധാനങ്ങളാണോ എന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്നും നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയാണ് സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സേവനങ്ങൾ ലഭിക്കുന്ന നഗരം എന്ന നിലയിലേക്ക് ദുബൈയെ മാറ്റിയെടുക്കുകയെന്നതും സെൽഫ് ഡ്രൈവിങ് ഗതാഗതരംഗത്ത് മികവ് തെളിയിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ക്ഷേമവും സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത അടിസ്ഥാനമാക്കിയാണ് പദ്ധതിയെന്നും വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് അധികൃതർ പറഞ്ഞു.
2030ഓടെ 4000 ഡ്രൈവറില്ലാ ടാക്സികൾ വിന്യസിക്കാനാണ് ആർ.ടി.എ പദ്ധതിയിടുന്നത്. ഇതോടെ ക്രൂസ് സെൽഫ്-ഡ്രൈവിങ് കാറുകൾ വാണിജ്യവത്കരിക്കുന്ന ആദ്യത്തെ യു.എസ് ഇതര നഗരമായി ദുബൈ മാറും. ഓട്ടോണമസ് വാഹനങ്ങൾ പുറത്തിറക്കുന്നത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും വാഹനാപകടങ്ങളുടെ എണ്ണം കുറക്കുകയും ദോഷകരമായ മലിനീകരണം കുറക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

