ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ വൻതോതിൽ നിരത്തിലേക്ക്
text_fields‘അപ്പോളോ ഗോ’ സ്വയം നിയന്ത്രിത ടാക്സി
ദുബൈ: നഗരത്തിൽ ഡ്രൈവറില്ലാ ടാക്സികൾ വൻതോതിൽ നിരത്തിലിറക്കുന്നതിന് സുപ്രധാന കരാറിലൊപ്പിട്ട് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ചൈനീസ് കമ്പനിയായ ‘ബൈഡു’വിന്റെ ‘അപ്പോളോ ഗോ’യുമായി ഓട്ടോണമസ് ടാക്സികൾ കൂടുതലായി പുറത്തിറക്കുന്നതിനായാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഇതനുസരിച്ച് വരും മാസങ്ങളിൽ കമ്പനി 50 ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണയോട്ടം ആരംഭിക്കും. തുടർന്ന് അടുത്ത വർഷത്തോടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ധാരണപത്രത്തിലെ നിബന്ധനകൾ പ്രകാരം, പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള ഏറ്റവും പുതിയ ഓട്ടോണമസ് ടാക്സികളായ ആർ.ടി 6 വാഹനങ്ങളാണ് ‘അപ്പോളോ ഗോ’ വിന്യസിക്കുക.
ആർ.ടി.എയും ‘ബൈഡു’വിന്റെ ‘അപ്പോളോ ഗോ’യും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
നിരത്തിലിറക്കുന്ന വാഹനങ്ങളിൽ ഏറ്റവും മികച്ച സംവിധാനങ്ങളും സുരക്ഷയും ഉറപ്പാക്കാൻ 40 സെൻസറുകളും ഡിറ്റക്ടറുകളും സജ്ജീകരിക്കും. ഈ മോഡൽ വാഹനങ്ങൾ ഇതിനകം ചൈനയിൽ ഏറെ സ്വീകരിക്കപ്പെടുകയും ഉപയോക്താക്കളിൽനിന്ന് വ്യാപകമായ പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.
50 വാഹനങ്ങളുടെ പരീക്ഷണയോട്ടവും അതിനായുള്ള വിവര ശേഖരണവുമാണ് അടുത്ത മാസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. കാര്യക്ഷമതയും സേവനങ്ങളുടെ ഗുണനിലവാരവും അനുസരിച്ച് അടുത്ത മൂന്നു വർഷത്തിനകം വാഹനങ്ങളുടെ എണ്ണം ഘട്ടംഘട്ടമായി ആയിരത്തിൽ എത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചൈനക്കും ഹോങ്കോങ്ങിനും പുറത്ത് ആദ്യമായാണ് ‘അപ്പോളോ ഗോ’ സ്വയം നിയന്ത്രിക്കുന്ന ടാക്സികൾ നിരത്തിലിറക്കുന്നതിന് പരീക്ഷണം നടത്തുന്നത്.
ഇതുവരെ, കമ്പനി 15 കോടി കി.മീറ്ററിലധികം സുരക്ഷിത ഡ്രൈവിങ് പൂർത്തിയാക്കിയിട്ടുണ്ട്. ചൈനയിലെ ഒന്നിലധികം നഗരങ്ങളിൽ വൻതോതിലുള്ള സ്വയം ഡ്രൈവിങ് ടാക്സി സേവനങ്ങൾ സാധ്യമാക്കുകയും ചെയ്തു. ഒരു കോടിയിലധികം സ്വയം ഡ്രൈവിങ് യാത്രകൾ പൂർത്തിയാക്കിയ കമ്പനി ലോകത്തിലെ ഏറ്റവും വലിയ സ്വയംഭരണ വാഹന ഫ്ലീറ്റ് ഓപറേറ്ററായി മാറിയിട്ടുമുണ്ട്.
ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ, ‘ബൈഡു’വിന്റെ ഇന്റലിജൻറ് ഡ്രൈവിങ് ഗ്രൂപ് ഓവർസീസ് ബിസിനസ് ജനറൽ മാനേജർ ഹാൾടൻ നിയു എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഏറ്റവും നൂതനവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഏറ്റവും മുൻനിരയിലെത്താനും, ഇതിനായി ആഗോള സ്ഥാപനങ്ങളുമായും കമ്പനികളുമായും സഹകരണം ശക്തിപ്പെടുത്താനുമുള്ള നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് കരാറെന്ന് മതാർ അൽ തായർ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

