ദുബൈയിൽ ഡ്രൈവറില്ലാ പോഡുകൾ വരുന്നു; നാല് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവിസ്
text_fieldsഡ്രൈവറില്ലാ പോഡിന്റെ മാതൃക
ദുബൈ: നഗരവാസികൾക്ക് പൊതുഗതാഗത യാത്ര കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ട് ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് നൂതന സാങ്കേതികവിദ്യയുടെ ആദ്യ മാതൃക പുറത്തുവിട്ടത്. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി നിശ്ചിത ട്രാക്കുകളിലൂടെ പ്രവർത്തിപ്പിക്കാവുന്ന ചെറുവാഹനമാണ് ഇലക്ട്രിക് പോഡുകൾ. ഒറ്റ ചാർജിൽ 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള പോഡുകളിൽ പരമാവധി ആറു പേർക്ക് യാത്ര ചെയ്യാം.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പോഡുകൾക്ക് ഇരു ദിശകളിലേക്കും മണിക്കൂറിൽ 10,000ത്തിലധികം യാത്രക്കാരെ വഹിക്കാൻ കഴിയും. ബ്ലൂവാട്ടർ ഐലൻഡ്, ഉമ്മുസുഖെം, അൽ ഖൂസ്, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നീ പ്രധാനപ്പെട്ട നാല് മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചായിരിക്കും സർവിസ്. നാഷനൽ പെയിന്റ്സ് മെട്രോ സ്റ്റേഷനിൽനിന്ന് ബ്ലൂ വാട്ടർ ഐലൻഡുവരെ 2.8 കിലോമീറ്റർ നീളമുള്ളതാണ് ബ്ലൂവാട്ടർ റൂട്ട്. മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനും മദീനത്ത് ജുമൈറക്കും ഇടയിൽ 1.9 കിലോമീറ്റർ നീളമുള്ളതായിരിക്കും ഉമ്മു സുഖെം റൂട്ട്. ഓൺ പാസിവ് മെട്രോ സ്റ്റേഷൻ മുതൽ അൽസർക്കൽ അവന്യൂ, ടൈംസ് സ്ക്വയർ സെന്റർ വരെ 2.6 കിലോമീറ്റർ നീളത്തിലാണ് അൽ ഖൂസ് റൂട്ട്. ദുബൈ ഫെസ്റ്റിവൽ സിറ്റി മേഖലക്ക് സേവനം ലഭിക്കുന്നതാണ് ഏറ്റവും വലിയ റൂട്ട്. ഏഴ് കിലോമീറ്ററാണ് ഇതിന്റെ നീളം. പണി പൂർത്തിയായി വരുന്ന ദുബൈ മെട്രോ ബ്ലൂ ലൈനുമായി ബന്ധിപ്പിച്ചായിരിക്കും ഇതു പ്രവർത്തിപ്പിക്കുക. യാത്രക്കാർക്ക് ടിക്കറ്റുകൾ സ്കാൻ ചെയ്ത് യാത്ര ചെയ്യാം.
കൂടാെത ഡോറിന് സമീപത്തായി വലിയ ഹാൻഡിലുകളും ഘടിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിന് ഇതു സഹായകമാവും. യു.എസിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലൈഡ്വേഴ്സ് ആണ് ഇലക്ട്രിക് പോഡുകളുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. പൂർണമായും സ്വയം നിയന്ത്രിത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ ചെലവ് കുറവാണ്. ആവശ്യമായ മൂലധനം 90 ശതമാനത്തോളം കുറക്കാനും ഇതു സഹായകമാവും. അതോടൊപ്പം പ്രവർത്തന ചെലവ് 70 ശതമാനത്തോളം ലാഭിക്കാനും സാധിക്കും. ബൈക്കുകൾക്ക് പോകാവുന്നത്ര വലുപ്പത്തിലുള്ള ലൈനുകളിലായിരിക്കും പോഡുകൾ സഞ്ചരിക്കുക. നിലവിലെ റോഡുകളോട് കൂട്ടിച്ചേർക്കാനോ റോഡുകൾക്ക് മുകളിലോ ഭൂമിക്കടിയിലോ ഇത്തരം ട്രാക്കുകൾ സ്ഥാപിക്കാനാവും.
ഇതിന് അധിക ചെലവ് ആവശ്യമില്ല. കഴിഞ്ഞ വർഷം മുതൽ ദുബൈ, അബൂദബി എമിറേറ്റുകളുമായി സഹകരിച്ച് ഇലക്ട്രിക് പോഡുകൾ ഇറക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന കമ്പനിയാണ് ഗ്ലൈഡ്വേഴ്സ്. അബൂദബി ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായി കഴിഞ്ഞ നവംബറിൽ കമ്പനി ഇടക്കാല കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, ഇലക്ട്രിക് പോഡുകൾ പൂർണ രീതിയിൽ എപ്പോൾ സർവിസ് ആരംഭിക്കുമെന്നത് സംബന്ധിച്ച് ആർ.ടി.എയും ഗ്ലൈഡ്വേഴ്സ് വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

