കാർഗോ എത്തിക്കാൻ ഡ്രൈവറില്ലാ വിമാനം
text_fieldsഅബൂദബി: പ്രാദേശികമായ ചരക്കുനീക്കം കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കുന്നതിന് ഇടത്തരം ആളില്ലാ ചരക്ക് വിമാനം വികസിപ്പിച്ച് അബൂദബി. വിമാനത്താവളങ്ങളിലെ അതിസങ്കീർണമായ അടിസ്ഥാന സൗകര്യങ്ങളേയും മാനവ വിഭവശേഷിയേയും ആശ്രയിക്കാതെ മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ക്കിടയിലും പ്രാദേശിക വിതരണ കേന്ദ്രങ്ങളിലേക്കും ചരക്കുനീക്കം എളുപ്പമാക്കാൻ ഇത്തരം എയർക്രാഫ്റ്റുകൾ സഹായകമാവും. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഡ്(എല്‍.ഒ.ഡി.ഡി) ഓട്ടോണമസ് എന്ന കമ്പനിയാണ് അതിനൂതനമായ സൗകര്യങ്ങൾ ഉൾപ്പെടുന്ന ആളില്ലാ കാർഗോ വിമാനം വികസിപ്പിച്ചിരിക്കുന്നത്. ഹിലി എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഇത്തരം ഇരുന്നൂറിലേറെ വിമാനം നിര്‍മിക്കുന്നതിനായി എമിറേറ്റ്സ് കാര്‍ഗോ അടക്കമുള്ള പ്രധാന വ്യോമയാന കമ്പനികളുമായി തങ്ങള്‍ കരാര്‍ ഒപ്പുവച്ചതായി കമ്പനി സി.ഇ.ഒ റാശിദ് അല്‍ മനൈ അറിയിച്ചു. ഇ കൊമേഴ്‌സ് അതിവേഗം വളരുകയാണെന്നും നിലവിലുള്ള എയര്‍ കാര്‍ഗോ സേവനങ്ങള്‍ വളരെ ചെലവേറിയതും ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വലിയ അളവിൽ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗത്തിലുള്ളതും കൂടുതല്‍ സുഗമവുമായ ബദല്‍ മാര്‍ഗത്തിനാണ് തങ്ങള്‍ ശ്രമിച്ചതെന്നും റാശിദ് അല്‍ മനൈ പറഞ്ഞു. സ്വയംനിയന്ത്രിത വാഹനം നിര്‍മിത ബുദ്ധിയും സമന്വയിപ്പിച്ചതിലൂടെ നിങ്ങള്‍ക്ക് ഒരു പൈലറ്റിന്‍റെ ആവശ്യമില്ല.
അതേസമയം പൈലറ്റില്ലാ വിമാനത്തിന്‍റെ നീക്കം ഭൂമിയിലിരുന്ന് ഓപറേറ്റര്‍മാര്‍ നിരീക്ഷിക്കുകയും ചെയ്യും. ഇതിലൂടെ ഒരു പൈലറ്റിന് ഒരു സമയം നിരവധി ആളില്ലാ വിമാനങ്ങള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഗോ പൈലറ്റുമാരുടെ ക്ഷാമമാണ് ലോഡിന്‍റെ പുതിയ ആളില്ലാ ചരക്ക് വിമാനം ഇല്ലാതാക്കുന്നതെന്നും സി.ഇ.ഒ വ്യക്തമാക്കി. നൂറുകണക്കിന് ഭാരമുള്ള വസ്തുക്കള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ക്ക് അപ്പുറം എത്തിക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ വികസിപ്പിച്ച ആളില്ലാ ചരക്ക് വിമാനം. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് വെയര്‍ ഹൗസുകളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും ചരക്കുകള്‍ എത്തിക്കുകയാണ് വിമാനത്തിന്‍റെ ദൗത്യം. ഈ വിമാനത്തിന്‍റെ പ്രവര്‍ത്തനത്തിന് ഒരു വിമാനത്താവളം പോലും ആവശ്യമില്ല. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങ്ങും നടത്തുന്ന വിമാനം റണ്‍വേകളുടെ ആവശ്യകത ഇല്ലാതാക്കുന്നുവെന്ന് ലോഡ് പ്രോജക്ട് മാനേജര്‍ ഫാത്തിമ അല്‍ മര്‍സൂഖി വ്യക്തമാക്കി. 19 മാസം കൊണ്ടാണ് കമ്പനി ഈ വിമാനം വികസിപ്പിച്ചെടുത്തത്. പൈലറ്റില്ലാ വിമാനത്തിന്‍റെ പരീക്ഷണമാണ് കമ്പനി നടത്തിവരുന്നത്. അതേസമയം ഈ വിമാനത്തിനായി ഇതിനകം യൂറോപ്, ആഫ്രിക്ക, യു.കെ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ആഗോള ചരക്ക് നീക്ക, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട് എന്നത് ലോഡിന്‍റെ വിജയമാണ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

