ദുബൈ നിരത്തിലേക്ക് ഡ്രൈവറില്ലാ ലോറികളും
text_fieldsഡ്രൈവറില്ലാ ലോറിയുടെ മാതൃക
ദുബൈ: ഡ്രൈവറില്ലാ കാറുകൾക്കും ടാക്സികൾക്കും പിന്നാലെ ഡ്രൈവറില്ലാ ലോറികളും ദുബൈ നഗരത്തിലെ റോഡുകളിലെത്തുന്നു. ഡ്രൈവറില്ലാ ഹെവി വാഹനങ്ങളുടെ പരീക്ഷണത്തിന് നഗരത്തിലെ അഞ്ച് റൂട്ടുകൾ ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്രഖ്യാപിച്ചു.
ജബൽ അലി പോർട്, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ജബൽ അലി പോർട് റെയിൽ ഫ്രൈറ്റ് ടെർമിനൽ, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഇബ്ൻ ബത്തൂത്ത മാൾ എന്നിവിടങ്ങളിലാണ് ലോറികളുടെ പരീക്ഷണയോട്ടത്തിന് അനുവദിച്ചിരിക്കുന്ന റൂട്ടുകൾ. എമിറേറ്റിലെ സ്വയംനിയന്ത്രിത വാഹനങ്ങളുടെ പ്രവർത്തനത്തിനായുള്ള സമഗ്രമായ നിയന്ത്രണ ചട്ടക്കൂടിന് കീഴിലാണ് പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്.
പരീക്ഷണങ്ങൾ എപ്പോൾ ആരംഭിക്കുമെന്നോ ദുബൈയിൽ ഡ്രൈവറില്ലാ ഹെവി വാഹനങ്ങൾ പ്രവർത്തനസജ്ജമാകുന്നത് എപ്പോഴാണെന്നോ ആർ.ടി.എ വെളിപ്പെടുത്തിയിട്ടില്ല. ദുബൈ മീഡിയ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ കണക്കുകൾ പ്രകാരം എമിറേറ്റിലെ റോഡിൽ 61,000ത്തിലധികം ഹെവി വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. ഡ്രൈവറില്ലാ ലോറികൾ രംഗത്ത് വരുന്നത് ലോജിസ്റ്റിക്സ് മേഖലയെ നവീകരിക്കുന്നതിനൊപ്പം പാരിസ്ഥിതികമായി ഗുണം ചെയ്യുകയും ചെയ്യും.
ഇത്തരം വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് അവതരിപ്പിച്ച നിയന്ത്രണ ചട്ടക്കൂടിൽ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ, ലൈസൻസിങ് രീതികൾ, പ്രാഥമിക ഘട്ടത്തിലെ പരീക്ഷണങ്ങളുടെ വിലയിരുത്തൽ, വാഹനങ്ങൾക്കകുണ്ടാകേണ്ട സാങ്കേതികമായ ഗുണങ്ങൾ എന്നിവ വിശദീകരിച്ചിട്ടുണ്ട്.
സ്വയംനിയന്ത്രിത വാഹനങ്ങൾ സംബന്ധിച്ച നയം ബിസിനസ്, സാമ്പത്തികരംഗം എന്നിവയിലെ മുൻനിര കേന്ദ്രമെന്ന നിലയിലുള്ള ദുബൈയുടെ സ്ഥാനത്തെ ശക്തിപ്പെടുത്തുന്നതും ദുബൈ ഇകണോമിക് അജണ്ട(ഡി33)ക്ക് കരുത്തേകുന്നതുമാണെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് മൂന്ന് ചൈനീസ് കമ്പനികൾക്ക് ആർ.ടി.എ ദിവസങ്ങൾക്ക് മുമ്പ് അനുമതി നൽകിയിരുന്നു. സ്വയം നിയന്ത്രണ വാഹനങ്ങൾ വികസിപ്പിക്കുന്ന പ്രമുഖ ചൈനീസ് കമ്പനികളായ ബൈഡുവിന്‍റെ അപ്പോളോ ജി, വിറൈഡ്, പൊണി ഡോട്ട് എ.ഐ എന്നിവക്കാണ് പരീക്ഷണ ഓട്ടത്തിന് അനുമതി ലഭിച്ചത്. പരീക്ഷണ ഓട്ടത്തിന്‍റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

