ദുബൈയിൽ ഡ്രൈവറില്ല കാറുകളുടെ പരീക്ഷണ ഓട്ടം ഉടൻ
text_fieldsഡ്രൈവറില്ല കാറുകളുടെ പരീക്ഷണ ഓട്ടം നടത്തുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചശേഷം ആർ.ടി.എ ഉദ്യോഗസ്ഥരും പോണി ഡോട്ട് ഐ പ്രതിനിധികളും
ദുബൈ: 2026 ഓടെ ദുബൈയിൽ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന സ്വയം നിയന്ത്രണ കാറുകളുടെ പരീക്ഷണ ഓട്ടം ഈ വർഷം അവസാനത്തോടെ നടത്താനൊരുങ്ങി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇതിനായി സ്വയം നിയന്ത്രണ ഡ്രൈവിങ് സാങ്കേതിക വിദ്യയിൽ ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈനീസ് കമ്പനിയായ പോണി ഡോട്ട് ഐയുമായി ആർ.ടി.എ ധാരണയിലെത്തി.
2030ഓടെ ദുബൈ നഗരത്തിലെ മൊത്തം യാത്രകളുടെ 25 ശതമാനം സ്വയം നിയന്ത്രണ വാഹനങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്ന ദുബൈ സ്മാർട്ട് സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജിയിലെ ഒരു പ്രധാന ചുവടുവെപ്പായാണ് ഈ സഹകരണത്തെ അധികൃതർ കാണുന്നത്. പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ട, ജി.എ.സി, ബി.എ.ഐ.സി എന്നിവയുടെ സഹകരണത്തിൽ വികസിപ്പിച്ച ഏഴാം തലമുറ ഓട്ടോണമസ് വാഹനം അടുത്തിടെ ഷാങ്ഹായ് ഓട്ടോ ഷോയിൽ പോണി ഡോട്ട് ഐ പുറത്തിറക്കിയിരുന്നു.
റോഡിലെ സങ്കീർണമായ സാഹചര്യങ്ങളിൽ ഡ്രൈവറില്ലാ വാഹനത്തെ സുരക്ഷിതമായും കൃത്യതയോടെയും നാവിഗേറ്റ് ചെയ്യുന്നതിന് അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളും സെൻസറുകളുടെ സംയോജിത സ്യൂട്ടും, ലിഡാറുകൾ, റഡാറുകൾ, ഉയർന്ന റെസല്യൂഷനുള്ള കാമറകൾ എന്നിവയും ഈ വാഹനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം കാര്യക്ഷമമാക്കുന്നതിനായി വി ചാറ്റ്, ആലിപേ പോലുള്ള ദൈനംദിന ആപ്ലിക്കേഷനുകളിൽ റോബോ ടാക്സി സേവനങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനായി ആലിബാബ, ടെൻസന്റ് തുടങ്ങിയ പ്രമുഖ സാങ്കേതിക പ്ലാറ്റ്ഫോമുകളുമായി പോണി ഡോ ഐ പങ്കാളിത്തം ഉറപ്പാക്കിയിട്ടുമുണ്ട്.
ദുബൈയിൽ നടന്ന ചടങ്ങിൽ ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ, പോണി ഡോട്ട് ഐയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഡോ. ലിയോ വാങ് എന്നിവരുടെ സാന്നിധ്യത്തിൽ ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ, പോണി ഡോട്ട് ഐയെ പ്രതിനിധീകരിച്ച് ആൻ ഷി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

