റോഡ് ഷോൾഡറിൽ കാർ പരിശോധനക്കിടെ മറ്റൊരു കാറിടിച്ച് ഡ്രൈവർ മരിച്ചു
text_fieldsദുബൈ: അപകടത്തിൽപ്പെട്ട കാർ റോഡ് ഷോൾഡറിൽ നിർത്തി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ദുബൈ ശൈഖ് സായിദ് റോഡിൽ അബൂദബിയിലേക്കുള്ള ഹൈവേയിലെ അൽ യലായിസ് പാലത്തിന് മുന്നിലാണ് അപകടം.
മറ്റൊരു അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങൾ റോഡിന്‍റെ ആദ്യ ലൈനിന് തൊട്ടടുത്തുള്ള ഇടത് ഷോർഡറിലായിരുന്നു നിർത്തിയിട്ടിരുന്നത്. തുടർന്ന് ഇതിൽ ഒരു വാഹനത്തിൽ നിന്ന് ഡ്രൈവർ ഇറങ്ങി കേടുപാടുകൾ പരിശോധിക്കുന്നതിനിടെ മറ്റൊരു കാർ പിറകിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഹനത്തിന്‍റെ അമിത വേഗതയും കുറഞ്ഞ ദൂരപരിധിയുമായതിനാൽ ഡ്രൈവറെ വെട്ടിട്ട് ഒഴിവാക്കാൻ സാധിച്ചില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ദുബൈ പൊലീസ് ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ ഇടത് ഷോർഡറിൽ വാഹനം നിർത്തിയിടുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
അനാവശ്യമായി ഷോൾഡറിൽ വാഹനം നിർത്തരുതെന്നും അടിയന്തര സാഹചര്യങ്ങളിലും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുമ്പോഴും റോഡിന് പുറത്ത് സുരക്ഷിതമായ പാർക്കിങ് സ്ഥലത്തേക്ക് വാഹനം മാറ്റിയിടണം. റോഡ് ഷോൾഡറിൽ അന്യായമായി വാഹനം നിർത്തിയിടുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ്.
ഇത്തരം നിയമലംഘനങ്ങൾ ഗുരുതരമായ അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും ഇടയാക്കുമെന്ന് ദുബൈ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി. അമിത വേഗതയും സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുന്നത്.
വാഹനങ്ങൾ വേഗപരിധി പാലിക്കണമെന്നും റോഡിന്‍റെ അവസ്ഥകൾ മനസിലാക്കി അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുൻകൂട്ടി കാണണമെന്നും ജുമ ബിൻ സുവൈദാൻ കൂട്ടിച്ചേർത്തു. മെഡിക്കൽ സാഹചര്യങ്ങൾ ഉൾപ്പെടെ അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകാനുള്ളതാണ് റോഡ് ഷോൾഡറുകൾ. ഇതിൽ മറ്റ് വാഹനങ്ങൾ നിർത്തിയിടുന്നത് കനത്ത പിഴ വിധിക്കുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

