അലിഫ് ദുബൈയിൽ പറന്നെത്തി, സൗഹൃദച്ചിറകിൽത്തന്നെ
text_fieldsദുബൈ ഫോട്ടോ ഫ്രെയിമിന് മുന്നിൽ അലിഫ്, ഉമ്മ സീനത്ത്, ആര്യ, അർച്ചന, അഫി അഹ്‌മദ് തുടങ്ങിയവർ
ദുബൈ: അലിഫിനെ ഓർമയില്ലേ. ഇരുകാലുകൾക്കും സ്വാധീനമില്ലാതെ പിറന്നു വീണിട്ടും സുഹൃത്തുക്കളുടെ ചിറകിലേറി പാറി നടക്കുന്ന അലിഫ് മുഹമ്മദ്. കാമ്പസിന്‍റെ മുറ്റത്ത് അലിഫിനെയും തോളിലേറ്റി ക്ലാസ് മുറിയിലേക്ക് നടന്നു നീങ്ങിയ അർച്ചനയുടെയും ആര്യയുടെയും ചിത്രം നമ്മൾ മറന്നിട്ടുണ്ടാവില്ല.
അലിഫിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ ദുബൈ നഗരത്തിലൂടെയുള്ള യാത്രയും ബുർജ് ഖലീഫക്ക് മുന്നിലെ സെൽഫിയും യാഥാർഥ്യമായിരിക്കുകയാണ്. അവനെ തോളിലേറ്റി വൈറലായ ആര്യയും അർച്ചനയും അലിഫിന്‍റെ മാതാവ് സീനത്തും കൂടെയുണ്ട്.
തളർന്ന കാലുകൾക്ക് പകരം താങ്ങായി ആര്യയും അർച്ചനയും അലിഫിനെ എടുത്തുകൊണ്ട് പോകുന്ന ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹിറ്റ് എഫ്.എം റേഡിയോയിലെ അഭിമുഖത്തിലാണ് ദുബൈ കാണണമെന്ന ആഗ്രഹം അലിഫ് പ്രകടിപ്പിച്ചത്. ഇത് ശ്രദ്ധയിൽപെട്ട സ്മാർട്ട് ട്രാവൽ എം.ഡി. അഫി അഹ്‌മദാണ് എല്ലാം ചെലവും ഏറ്റെടുത്ത് ഇവരെ ദുബൈയിൽ കൊണ്ടുവന്നത്.
ആറ് ദിവസം ഇവർ യു.എ.ഇയിൽ തങ്ങും. കഴിഞ്ഞ ദിവസം ബുർജ് ഖലീഫക്ക് മുന്നിലും ദുബൈ ഫ്രെയിമിലും എത്തിയിരുന്നു. മുസന്ദം യാത്ര, സിറ്റി ടൂർ, ഡസർട്ട് സഫാരി അടക്കം നിരവധി നാടും നഗരവും കാണുന്ന തിരക്കിലാണിവർ. ഇവർക്കൊപ്പം 50 പേരെ സൗജന്യമായി മുസന്ദം കാണാൻ കൊണ്ട് പോയതായി അഫി അഹ്‌മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

