ദുബൈയിൽ വെള്ളപ്പൊക്കം തടയാൻ ഓവുചാൽ പദ്ധതി
text_fieldsതസ്രീഫ് പദ്ധതിയിലെ നിർമാണം
ദുബൈ: നഗരത്തിലെ വെള്ളപ്പൊക്കം തടയാൻ വിപുലമായ ഓവുചാൽ സംവിധാനം നിർമിക്കുന്നു. പദ്ധതിക്ക് ദുബൈ മുനിസിപ്പാലിറ്റി 143കോടി ദിർഹമിന്‍റെ കരാറാണ് നൽകിയിരിക്കുന്നത്.
ഭാവിയിലേക്ക് ആവശ്യമായ തന്ത്രപ്രധാന പദ്ധതികൾ നടപ്പാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശമനുസരിച്ചാണ് പദ്ധതിക്ക് രൂപം നൽകിയത്. സുസ്ഥിരവും കാലാവസ്ഥക്ക് അനുയോജ്യവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ലോകത്തെ ഏറ്റവും മികച്ച സംവിധാനങ്ങളുള്ള നഗരമാക്കി ദുബൈയെ മാറ്റുകയെന്ന കാഴ്ചപ്പാടിലൂന്നിയാണ് പദ്ധതി രൂപപ്പെടുത്തിയത്.
ദുബൈയിലെ ഏറ്റവും വലിയ ഏകീകൃത മഴവെള്ള ശേഖരണ സംവിധാനവും മേഖലയിലെ ഏറ്റവും മികച്ചതുമായ ‘തസ്രീഫ്’ പദ്ധതിയുടെ പരിധിയിൽ വരുന്നതാണ് പുതിയ കരാറുകൾ. നഗരത്തിലെ മഴവെള്ള ഓവുചാൽ സംവിധാനം വിപുലീകരിക്കാനുള്ള ‘തസ്രീഫ്’ എന്ന പദ്ധതിക്ക് കീഴിൽ നാല് സുപ്രധാന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
നാദൽ ഹമർ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങൾ, അൽ ഗർഹൂദ്, അൽ റാശിദിയ, അൽ ഖൂസ്, സഅബീൽ, അൽ വാസൽ, ജുമൈറ, അൽ ബദാ എന്നിവയുൾപ്പെടെ എമിറേറ്റിലെ പ്രധാന പ്രദേശങ്ങൾ ഉൾകൊള്ളുന്നതാണ് പദ്ധതി. വെള്ളപ്പൊക്ക സാധ്യത ലഘൂകരിക്കാനും നിലവിലുള്ള ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കാനും മൊത്തത്തിലുള്ള സേവന നിലവാരം മെച്ചപ്പെടുത്താനും ഉപകരിക്കുന്ന രീതിയിലാണ് പ്രവൃത്തികൾ രൂപകൽപന ചെയ്തിരിക്കുന്നത്.
പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ ഓവുചാൽ സംവിധാനവുമായി ബന്ധിപ്പിക്കുന്ന 36 കിലോമീറ്ററിലധികം നീളമുള്ള പുതിയ ഡ്രെയിനേജ് ലൈൻ നിർമ്മിക്കും.
ദുബൈയിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കാനും നവീകരിക്കുന്നതിനുമുള്ള ‘തസ്രീഫ്’ പദ്ധതിയുടെ നടത്തിപ്പിലെ പ്രധാന നാഴികക്കല്ലാണ് പുതുതായി ആരംഭിച്ച പദ്ധതിയെന്ന് ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലീത പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വികസിതവും പ്രതിരോധശേഷിയുള്ളതുമായ നഗരങ്ങളിൽ എമിറേറ്റിന്റെ നേതൃത്വം ഉറപ്പിക്കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3,000കോടി ദിർഹം ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് തസ്രീഫ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.