ഡ്രെയ്നേജ് ശൃംഖല, പുതിയ ട്രാഫിക് ലൈൻ; അജ്മാൻ ശൈഖ് സായിദ് സ്ട്രീറ്റ് വികസിപ്പിക്കുന്നു
text_fieldsഅജ്മാന്: എമിറേറ്റിൽ ഏറ്റവും തിരക്കേറിയ ശൈഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. അജ്മാൻ പൊലീസുമായി സഹകരിച്ച് അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പാണ് വൻ വികസന പദ്ധതി നടപ്പിലാക്കുന്നത്.
ശൈഖ് സായിദ് സ്ട്രീറ്റിലെ അൽ ഹീലിയോ ഭാഗത്ത് 2.8 കിലോമീറ്റർ നീളത്തിൽ നടത്തുന്ന വികസന പ്രവർത്തനത്തിന് 6.3 കോടി ദിർഹമാണ് ചെലവ്. അജ്മാൻ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി എമിറേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.
അൽ ഹീലിയോ പ്രദേശത്തെ ശൈഖ് സായിദ് റോഡിൽ ഒരു ട്രാഫിക് ലൈൻ കൂടി ചേർത്ത് ഓരോ ദിശയിലും മൂന്ന് ലൈനുകളായി വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ്ങിന്റെ അടിസ്ഥാന സൗകര്യ വികസന വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ ഡേ. എൻജീനിയർ മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി വിശദീകരിച്ചു. മഴവെള്ള ഡ്രെയിനേജ് ശൃംഖല നടപ്പിലാക്കൽ, ലൈറ്റിങ് തൂണുകൾ സ്ഥാപിക്കൽ, നടപ്പാതകളുടെയും പാർക്കിങ് സ്ഥലങ്ങളുടെയും ക്രമീകരണം എന്നിവയും വികസന പദ്ധതിയിൽ ഉൾപ്പെടുന്നു.
അതോടൊപ്പം ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ട്രാഫിക് സിഗ്നലുകൾ ഘടിപ്പിച്ച രണ്ട് കവലകളും നിർമിക്കും. അൽ ഹീലിയോ മേഖലയിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും, റോഡ് ഉപയോക്താക്കൾക്ക് സുരക്ഷിതവും സുഗമവുമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് അജ്മാൻ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് മേധാവി ലെഫ്റ്റനന്റ് കേണൽ ഫൗദ് യൂസഫ് അൽ ഖാജ വിശദീകരിച്ചു.
എമിറേറ്റ്സ് റോഡിലേക്കും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും നയിക്കുന്ന റോഡുകളിൽ, ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ദൈനംദിന ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്റർസെക്ഷൻ നിർമാണത്തിനുള്ള ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി പ്രഖ്യാപിച്ച സംരംഭത്തിന്റെ ഭാഗമായ പദ്ധതി, എമിറേറ്റിൽ സംയോജിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

