കെട്ടിക്കിടക്കുന്ന പാസ്പോർട്ട് അപേക്ഷകൾ ആഗസ്റ്റ് 15നകം തീർപ്പാക്കും
text_fieldsദുബൈ: കെട്ടിക്കിടക്കുന്ന പാസ്പോർട്ട് അപേക്ഷകൾ ആഗസ്റ്റ് 15നകം തീർപ്പാക്കുമെന്ന് ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. എമ്മാഡി വിഷ്ണുവർധൻ റെഡ്ഡി. ചുമതലയേറ്റശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തത്കാൽ അപേക്ഷകൾ ആദ്യം തീർപ്പാക്കും. തുടർന്ന് പാസ്പോർട്ട് അപേക്ഷയിലെ കാലതാമസം ഒഴിവാക്കി സാധാരണ നിലയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ പുതിയ ‘ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്‍ററുകളിലേക്ക്' (ഐ.സി.എ.സി) മാറ്റിയതായി ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിന് മുമ്പായി, കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കി സേവനങ്ങൾ അതിവേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കോൺസുലേറ്റ്.
തത്കാൽ അപേക്ഷകൾ, നവജാത ശിശുക്കളുടെ പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവക്ക് നേരിട്ടെത്തി സേവനം കൈപ്പറ്റാവുന്നതാണ്. പാസ്‌പോർട്ട് സേവനങ്ങളുടെ അപ്പോയിന്റ്‌മെന്റുകൾക്കായി ഔദ്യോഗിക പോർട്ടൽ (consularsevainuae.com) മാത്രം ഉപയോഗിക്കണമെന്നും വ്യാജ ഏജൻസികളിൽ വീഴരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സേവനങ്ങൾക്കുള്ള നിശ്ചിത നിരക്ക് 19 ദിർഹം മാത്രമാണ്. ഇതിന് പുറമെ അധിക ചാർജുകളൊന്നും നൽകേണ്ടതില്ല.
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ ആഘോഷ പരിപാടികളും അദ്ദേഹം വിശദീകരിച്ചു.
ഹർ ഘർ തിരംഗ: ആഗസ്റ്റ് ഒമ്പതുമുതൽ 17 വരെ നടക്കുന്ന ‘ഹർ ഘർ തിരംഗ’യിൽ ദേശീയ പതാകക്കൊപ്പമുള്ള സെൽഫിയോ ചിത്രങ്ങളോ പങ്കുവെച്ച് ആഘോഷങ്ങളിൽ പങ്കാളികളാകാം.
സൂര്യ പഥ് തിരംഗ: കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള സമയം അനുസരിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകളിൽ സൂര്യോദയത്തിനൊപ്പം ദേശീയപതാക ഉയർത്തുന്ന ആഗോള റിലേ.
വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ: ദേശീയ ഗാനാലാപനവും വിവിധ സാംസ്കാരിക പരിപാടികളും.
ഭാരത് കോ ജാനിയേ ക്വിസ്: പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശപൗരന്മാർ എന്നിവർക്കായി സംഘടിപ്പിക്കുന്ന പ്രത്യേക സ്വാതന്ത്ര്യദിന ക്വിസ് മത്സരം. മികച്ച അഞ്ചുവിജയികളെ സ്വാതന്ത്ര്യദിനത്തിൽ കോൺസുലേറ്റിൽ ആദരിക്കും. ഒന്നാം സ്ഥാനക്കാരന് പ്രത്യേക സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

