കൃത്രിമ അവയവ ചികിത്സാ സഹായവുമായി ഡോ. ഷംഷീർ വയലിൽ
text_fieldsഡോ. ഷംഷീർ വയലിൽ സങ്കീർണ ചികിത്സക്കായി സിറിയയിൽനിന്നെത്തിയ ഷാമിനും സഹോദരൻ ഉമറിനുമൊപ്പം
അബൂദബി: പലവിധ കാരണങ്ങളാൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി 40 ലക്ഷം ദിർഹമിന്റെ(9.2 കോടി രൂപ) ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബി.എം.സി) പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോ ഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ഈ പദ്ധതിയിലൂടെ അതിനൂതന ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് ചികിത്സ സൗജന്യമായി നൽകും. ഓസിയോഇന്റഗ്രേഷൻ ശസ്ത്രക്രിയകളിൽ വിദഗ്ധനായ ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.
രാജ്യം ‘ഇയർ ഓഫ് കമ്യൂണിറ്റി’ ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൽ സഹായം ആവശ്യമുള്ളവർക്ക് അതെത്തിക്കുകയും, അവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഡോ. ഷംഷീർ പറഞ്ഞു. ഭൂകമ്പത്തെത്തുടർന്ന് സങ്കീർണ ചികിത്സക്കായി സിറിയയിൽനിന്ന് ബി.എം.സിയിലെത്തിച്ച ഷാമിന്റെയും സഹോദരൻ ഉമറിന്റെയും കഥയാണ് പുതിയ സെന്റർ തുടങ്ങാൻ ഡോ. ഷംഷീറിന് പ്രചോദനമേകിയത്. ഭൂകമ്പാവശിഷ്ടങ്ങളുടെ അടിയിൽപെട്ട് കൈകാലുകൾ നഷ്ടപ്പെട്ടതുൾപ്പെടെ മനസ്സിനും ശരീരത്തിനും ഏറെ കേടുപാടുകളേറ്റ സഹോദരങ്ങളെ യു.എ.ഇ രാഷ്ട്രമാതാവും എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഓണററി പ്രസിഡന്റുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദേശപ്രകാരമാണ് രാജ്യത്തേക്ക് കൊണ്ടുവന്നത്.
ബി.എം.സിയിലെ സങ്കീർണ ശസ്ത്രക്രിയകളുടെയും പുനരധിവാസത്തിന്റെയും ഫലമായി സഹോദരങ്ങൾ പതിയെ ജീവിതത്തിലേക്ക് നടന്നുകയറി. ഷാമിനെയും ഉമറിനെയും പോലെ ദുരന്തഭൂമികളിലും സംഘർഷ മേഖലകളിലുംപെട്ട് ചലനശേഷി നഷ്ടപ്പെട്ടവർക്ക് വീണ്ടും നടക്കാൻ കഴിയണമെന്നുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം പ്രഫ. ഡോ. അൽ മുദിരിസുമായുള്ള പങ്കാളിത്തത്തിന് തുടക്കമിടുകയായിരുന്നു.മെഡിക്കൽ വിദഗ്ധരുടെ സംഘം വിശദമായ വിലയിരുത്തലിനുശേഷം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

