ഡോ. ധനലക്ഷ്മിയുടെ കവിത സമാഹാരം പ്രകാശനം ചെയ്തു
text_fieldsഡോ. ധനലക്ഷ്മിയുടെ കവിത സമാഹാരം ‘ഇനി എത്രനാൾ’ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഡോ. ഷംഷീർ വയലിലിന് കൈമാറുന്നു
അബൂദബി: അകാലത്തിൽ വിടവാങ്ങിയ പ്രവാസി ഡോക്ടറും എഴുത്തുകാരിയുമായ ഡോ. ധനലക്ഷ്മി മരണത്തിന് ആമുഖമായി എഴുതിയ കവിതാ സമാഹാരം ‘ഇനിയും എത്ര നാൾ’ പ്രകാശനം ചെയ്തു. ഒരു വർഷം മുമ്പ് എഴുതി പ്രസിദ്ധീകരിക്കാതെ പോയ മരണവും പ്രണയവും പ്രമേയമായ കവിതകളാണ് യു.എ.ഇയിൽ പ്രകാശനം ചെയ്തത്.
ജീവിതം പാതി വഴിയിൽ അവസാനിപ്പിക്കുന്നതിനു മുമ്പ് ഡോക്ടർ കുറിച്ചുവെച്ച കവിതകൾ എന്നെങ്കിലും പ്രകാശിപ്പിക്കാമെന്ന ആഗ്രഹത്തോടെ ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ടിന് അയച്ചുനൽകിയിരുന്നു. എഴുത്തിനെയും സൗഹൃദങ്ങളെയും സ്നേഹിച്ച ഡോ. ധനലക്ഷ്മിയുടെ പ്രസിദ്ധീകരിക്കപ്പെടാത്ത സൃഷ്ടികൾ തേടിയുള്ള കുടുംബത്തിന്റെ അന്വേഷണമാണ് ‘ഇനി എത്ര നാൾ’ എന്ന പുസ്തകത്തിന് പുതുജീവനേകിയത്. കവിതകൾ ഉണ്ടെന്ന കാര്യം പ്രതാപൻ തായാട്ട് ബന്ധുക്കളെ അറിയിച്ചതോടെ പുസ്തകത്തിന്റെ പ്രസാധനത്തിലേക്ക് കടന്നു.
തുടർന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന് ദുബൈയിൽ പുസ്തകം കൈമാറി. ഒപ്പം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലും അബൂദബി മലയാളി സമാജത്തിലും പുസ്തകം അവതരിപ്പിച്ചു. അബൂദബി മലയാളി സമാജത്തിൽ എഴുത്തുകാരി കെ.പി സുധീര പുസ്തകം ഏറ്റുവാങ്ങി. പുസ്തകാവതരണ ചടങ്ങുകളിൽ എഴുത്തുകാരനും നിർമാതാവുമായ മൻസൂർ പള്ളൂർ, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കുടുംബാംഗം ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ. ഹാഷിക്, അബ്ദുൽ ജലീൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡോ. ധനലക്ഷ്മിയുടെ ഇംഗ്ലീഷ് നോവലായ ‘അൺഫിറ്റഡ്’ എന്ന സൃഷ്ടിയെക്കുറിച്ച് മൻസൂർ പള്ളൂരിൽ നിന്ന് കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ ഇതും വെളിച്ചത്തെത്തിക്കാനാണ് കുടുംബത്തിന്റെ ശ്രമം. കണ്ണൂർ തളാപ്പ് സ്വദേശിയായിരുന്ന ഡോ. ധനലക്ഷ്മി മലയാളം കഥകളും കവിതകളും അടങ്ങുന്ന നാല് പുസ്തകങ്ങളുടെയും ഒരു ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെയും രചയിതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

