ഡോ. ആസാദ് മൂപ്പന് അമിറ്റി യൂനിവേഴ്സിറ്റി ഡോക്ടറേറ്റ്
text_fieldsഡോ. ആസാദ് മൂപ്പൻ അമിറ്റി യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ഏറ്റുവാങ്ങുന്നു
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ദുബൈ അമിറ്റി യൂനിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ മാനിച്ചാണ് ആദരം. അമിറ്റി യൂനിവേഴ്സിറ്റി കാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങിൽ ഡോക്ടറേറ്റ് സമ്മാനിച്ചു.
35 വര്‍ഷമായി ആസ്റ്റര്‍, ആക്സസ്, മെഡ്കെയര്‍ ബ്രാന്‍ഡുകളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പ്രൈമറി, ക്വാട്ടേണറി മെഡിക്കല്‍ പരിചരണം നല്കുന്ന സ്ഥാപനമായി ആസ്റ്റര്‍ മാറിയിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ. ആസാദ് മൂപ്പന് ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്, ഡോ. മൂപ്പന് ഫാമിലി ഫൗണ്ടേഷന് എന്നിവയിലൂടെ നിരവധി സാമൂഹിക സേവന ഉദ്യമങ്ങള്‍ നടപ്പാക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാമൂഹിക ശാക്തീകരണം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ഉദ്യമങ്ങള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയത്.
സ്വകാര്യ സമ്പത്തിന്റെ 20 ശതമാനം സാമൂഹിക മാറ്റം പ്രാപ്തമാക്കുന്നതിനും അര്‍ഹരായ ആളുകളെ സഹായിക്കുന്നതിനും വേണ്ടി നീക്കിെവച്ചിരിക്കുന്നു. സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ സന്നദ്ധരായവരെയും ബന്ധിപ്പിച്ച് 2017ൽ ആസ്റ്റര്‍ വളന്റിയേഴ്സ് ഗ്ലോബല്‍ സി.എസ്.ആര് പ്രോഗ്രാം ആരംഭിച്ചു. ഇതുവഴി ഇന്ത്യ, സൊമാലിയ, സുഡാന്, ജോർഡന്, ഫിലിപ്പീന്‍സ്, ഒമാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ 3.5 ദശലക്ഷം ജീവിതങ്ങള്‍ക്ക് സഹായം എത്തിച്ചു. ജനങ്ങള്‍ക്ക് പ്രാപ്യമായ ചെലവില്‍ ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കാനാണ് ശ്രമമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യ പരിചരണം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത നേരിട്ട് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള ആരോഗ്യ സംരക്ഷണ മേഖലയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവാണ് ഡോ. ആസാദ് മൂപ്പൻ എന്ന് അമിറ്റി യൂനിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. അതുല്‍ ചൗഹാന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

