ഡി.പി വേൾഡ് ഇന്ത്യയിൽ 500 കോടി ഡോളർ നിക്ഷേപിക്കും
text_fieldsഇന്ത്യ മാരിടൈം വീക്കിൽ ഡി.പി വേൾഡ് സി.ഇ.ഒ സുൽത്താൻ അഹ്മദ് ബിൻ സുലായത്തിന് തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ഉപഹാരം നൽകുന്നു
ദുബൈ: ഇന്ത്യയിൽ 500 കോടി ഡോളറിന്റെ നിക്ഷേപം കൂടി പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ലോജിസ്റ്റിക്സ് കമ്പനിയായ ഡി.പി വേൾഡ്.
ഇന്ത്യയിലെ തുറമുഖങ്ങൾ, കപ്പൽ ഗതാഗതം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വൻ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്ക് 2025ന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം. മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ 300 കോടി ഡോളറിന്റെ നിക്ഷേപമാണ് ഡി.പി വേൾഡ് നടത്തിയത്. പുതിയ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ ചരക്കുവിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കയറ്റുമതിക്കും ആഭ്യന്തര വ്യാപാരത്തിനും പിന്തുണ നൽകുകയും ചെയ്യും. കൂടാതെ ചരക്കുനീക്കത്തിനുള്ള വിവിധ മാർഗങ്ങൾ ശക്തിപ്പെടുത്താനും പുതിയ നിക്ഷേപം ലക്ഷ്യമിടുന്നു. ഇന്ത്യയുടെ തുറമുഖ, ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ അഞ്ച് സുപ്രധാന ധാരണപത്രങ്ങളിലും കമ്പനി ഒപ്പുവെച്ചു.
കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, നൈപുണ്യ വികസനം, ഹരിത തീര ഷിപ്പിങ് തുടങ്ങിയ മേഖലകളിലായാണ് ഡി.പി വേൾഡിന്റെ പുതിയ കരാറുകൾ. ഇതിൽ മൂന്നു കരാറുകൾ കൊച്ചിൻ പോർട്ട് അതോറിറ്റിയുമാണ്. കരാറിന്റെ ഭാഗമായി കൊച്ചിയിലെ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം ഡി.പി വേൾഡ് വികസിപ്പിക്കും. ദീൻ ദയാൽ തുറമുഖ അതോറിറ്റി, സാഗർമാല ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് എന്നിവയാണ് കരാറിൽ ഏർപ്പെട്ട മറ്റു സ്ഥാപനങ്ങൾ.
ഇന്ത്യയുമായി ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതാണ് പുതിയ കരാറുകളെന്ന് ഡി.പി വേൾഡ് സി.ഇ.ഒ സുൽത്താൻ അഹ്മദ് ബിൻ സുലായം പറഞ്ഞു. ഇന്ത്യയുടെ വളർച്ചയുടെ ചരിത്രത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഡി.പി വേൾഡ് ഭാഗമാണ്. പുതിയ നിക്ഷേപവും പങ്കാളിത്തവും ഇന്ത്യയുടെ കപ്പൽ ഗതാഗതവും ലോജിസ്റ്റിക്സ് വ്യവസായവും വളർച്ച കൈവരിക്കുന്നതിന് സഹായിക്കുകയും ആഗോള വ്യാപാര രംഗത്ത് രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ 200 മേഖലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഡി.പി വേൾഡിന്റെ ശൃംഖല. ഇത് നേരിട്ടും അല്ലാതെയും 24,000ത്തിലധികം തൊഴിലവസരങ്ങളാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

