ആശങ്കവേണ്ട; തിങ്കളാഴ്ച മുതൽ സ്കൂൾ ബസ് സർവിസ് ആരംഭിക്കും
text_fieldsദുബൈ: രക്ഷിതാക്കളുടെ ആശങ്കക്ക് പരിഹാരമായി. സ്കൂളുകൾ ക്ലാസ് പഠനം ആരംഭിക്കുന്ന ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ സ്കൂൾ ബസ് സർവിസും പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികൾ എന്നിവരുമായി കൈകോർത്ത് ദേശീയ അടിയന്തര, പ്രതിസന്ധി നിയന്ത്രണ അതോറിറ്റി നടത്തിയ സുരക്ഷ വിലയിരുത്തലുകൾക്ക് ശേഷമാണ് തിങ്കളാഴ്ച മുതൽ സ്കൂൾ ബസ് സർവിസുകളും ആരംഭിക്കാൻ തീരുമാനിച്ചത്.
അതേസമയം, സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങൾ ജാഗ്രത പുലർത്തുകയും ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. വിവരങ്ങൾക്കായി സർക്കാറിന്‍റെ ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങഹ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനൊപ്പം ഉയർന്ന തലത്തിലുള്ള പ്രവർത്തന സന്നദ്ധതയും സ്ഥിരതയും നിലനിർത്തുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ സ്കൂളുകൾ ക്ലാസ് പഠനം ആരംഭിക്കുമ്പോൾ സ്കൂൾ ബസ് സർവിസ് ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കാനാണ് സ്കൂൾ ബസ് സർവീസുകൾ നിർത്തിവെക്കുന്നതെന്നായിരുന്നു വിശദീകരണം. ഇതോടെ സ്കൂൾ ബസില്ലാതെ എങ്ങനെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കുമെന്ന കാര്യത്തിൽ രക്ഷിതാക്കൾ വലിയ ആശങ്കയിലായിരുന്നു. ഇതിനാണ് ഇപ്പോ പരിഹാരമായത്.
അതേസമയം, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സുരക്ഷിതമായി ക്ലാസ് പഠനം ആരംഭിക്കാൻ സജ്ജമായിട്ടുണ്ട്.
ആവശ്യമെങ്കിൽ സ്കൂളുകൾക്ക് ഓൺലൈൻ-ക്ലാസ് പഠനങ്ങൾ സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് പഠനത്തിന് അനുമതി നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒാരോ സ്കൂളിലും ഇതുസംബന്ധിച്ച സർവേയും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

