ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിലൂടെ ആറ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അശ്രദ്ധമായ ഡ്രൈവിങ് മൂലം 510 അപകടങ്ങളും സംഭവിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുരുതരമായ ഗതാഗത ലംഘനമെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ വാഹനമോടിക്കുന്നവരേക്കാള്‍ നാലു മടങ്ങ് അപകടസാധ്യത കൂടുതലാണ് അശ്രദ്ധമായ ഡ്രൈവിങ്ങിനുള്ളത്. ശ്രദ്ധയോടെയുള്ള വാഹനമോടിച്ച ഡ്രൈവര്‍ അപകടത്തില്‍ പെടുന്നതിനേക്കാള്‍ എട്ടുമടങ്ങ് സാധ്യത കൂടുതലാണ് ഫോണ്‍ ഉപയോഗിക്കുന്നതിലൂടെയോ മറ്റ് പ്രവൃത്തികളില്‍ മുഴുകുന്നതിലൂടെയോ ഉള്ള അശ്രദ്ധയിലൂടെ ഉണ്ടാവുന്നതെന്ന് ആഗോള ഗതാഗത സുരക്ഷാ പഠനത്തിലെ കണ്ടെത്തലെന്ന് അബൂദബി പൊലീസിലെ ട്രാഫിക് സിമുലേഷന്‍ ആന്‍ഡ് ഫോര്‍കാസ്റ്റിങ് ബ്രാഞ്ച് ഡയറക്ടറായ മേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഹമദ് അല്‍ ഈസൈ പറഞ്ഞു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാൽ 800 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. ഡ്രൈവര്‍മാരുടെ ഇത്തരം പെരുമാറ്റങ്ങള്‍ കണ്ടെത്താന്‍ നിര്‍മിത ബുദ്ധിയും ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും മേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഹമദ് അല്‍ ഈസൈ പറഞ്ഞു.
2021 മുതല്‍ നിര്‍മിത ബുദ്ധി സംയോജിപ്പിച്ച സ്മാര്‍ട്ട് കാമറകള്‍ എമിറേറ്റിലെ റോഡുകളില്‍ വിന്യസിച്ചിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനാണ് ഈ കാമറകള്‍ സ്ഥാപിച്ചത്. ഈ നിയമലംഘനങ്ങള്‍ കണ്ടാല്‍ കാമറകള്‍ സ്വമേധയാ പിഴ ചുമത്തും. അപകടങ്ങളില്‍ ഗുരുതര പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ 80 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതു മൂലമാണെന്ന് പഠനത്തില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

