ലാപ്ടോപ് മാറ്റിവെക്കേണ്ട; ദുബൈയിൽ ബാഗേജ് പരിശോധനക്ക് നൂതന സംവിധാനം
text_fieldsദുബൈ വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർ
ദുബൈ: ബാഗിൽ നിന്ന് ലാപ്ടോപ്പുകൾ, ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ എന്നിവ മാറ്റിവെക്കാതെ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനത്തിന്‍റെ പരീക്ഷണം ദുബൈ വിമാനത്താവളത്തിൽ ആരംഭിച്ചു. യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് സംവിധാനം. ഏറ്റവും നൂതനമായ ബാഗേജ് സ്ക്രീനിങ് രീതികൾ സജ്ജീകരിച്ചിരിക്കുന്നതാണ് പുതിയ മിഷീനുകളെന്നും ദുബൈ എയർപോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. 100മില്ലി ലിറ്ററിൽ കൂടുതലുള്ള ദ്രാവകങ്ങളും ലാപ്ടോപ്പും ബാഗിൽ നിന്ന് പുറത്തിറക്കാതെ പരിശോധിക്കാൻ സംവിധാനത്തിന് കഴിയും. നിലവിൽ യാത്രക്കാർ സുരക്ഷാ പരിശോധന സമയങ്ങളിൽ ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രത്യേകമായി മാറ്റിവെക്കേണ്ട സാഹചര്യമുണ്ട്. ഇതാണ് പുതിയ പരീക്ഷണം വിജയകരമായാൽ ആവശ്യമില്ലാതെയാകുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങളിൽ നിലവിലുള്ള സംവിധാനത്തിന് സമാനമായാതാണ് ദുബൈയിലും സജ്ജമാക്കുന്നത്. നേരത്തെ തന്നെ സ്മാർട് ഗേറ്റുകൾ അടക്കമുള്ള സംവിധാനങ്ങൾ യാത്ര എളുപ്പമാക്കുന്നതിന് ദുബൈ വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ബാഗേജ് സ്ക്രീനിങിലും പാസഞ്ചർ ബാഗേജ് സ്ക്രീനിങിലും ഉപയോഗിക്കാൻ പുതിയ മിഷീനുകൾ സ്ഥാപിക്കുന്നുണ്ടെന്നും പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. ഇതൊരു തുടക്കമാണെന്നും അടുത്ത ഘട്ടത്തിൽ ഉപഭോക്താക്കളുടെ ബാഗേജിലെ ചില വസ്തുക്കൾ തിരിച്ചറിയാൻ നിർമ്മിത ബുദ്ധി(എ.ഐ) ഉപയോഗപ്പെടുത്തുമെന്നും , ഇത് സുരക്ഷാ പരിശോധന അതിവേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തെ മുൻനിരയിലുള്ള വിമാനത്താവളമെന്ന നിലയിൽ എ.ഐ അടക്കമുള്ള സംവിധാനങ്ങൾ സുരക്ഷാ പരിശോധനയിൽ ഉപയോഗപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യുന്നതാണ്. ഈ വർഷം ആദ്യ ആറുമാസത്തിൽ മാത്രം 4.6കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.3ശതമാനത്തിന്‍റെ വളർച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ഈ വർഷം 9.6കോടി യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വീണ്ടും വർധിച്ച് 2026ൽ വാർഷിക യാത്രക്കാരുടെ എണ്ണം 10കോടി പിന്നിടുമെന്നും വിലയിരുത്തപ്പെടുന്നു. ഭാവിയിൽ ദുബൈ വിമാനത്താവളത്തിലെ സർവീസുകൾ പുതുതായി വിപുലീകരിക്കുന്ന ആൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറുന്നതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും വർധിക്കും. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളും സംവിധാനങ്ങളുമാണ് പുതിയ വിമാനത്താവളത്തിൽ സജ്ജീകരിക്കാൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

