ആ ‘ഹോളിഡേ ഹോമി’ന് പണം കൊടുക്കരുത്’; ദുബൈ പൊലീസ് മുന്നറിയിപ്പ്
text_fieldsദുബൈ: കൊച്ചുവീടുകളും കുടിൽ, ഹോളിഡേ ഹോമുകളും വാടകക്ക് നൽകുന്നുവെന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെയും വിവിധ വെബ്‌സൈറ്റുകളിലൂടെയും പ്രചരിക്കുന്ന വ്യാജ ഓഫറുകളിൽ വീഴരുതെന്ന് ദുബൈ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വേനൽ അവധിക്കാലത്ത് ചെലുവ കുറഞ്ഞ യാത്രക്കായി കുടുംബങ്ങൾ കുറഞ്ഞ നിരക്കിലുള്ള താമസം അന്വേഷിക്കുന്നത് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. മാർക്കറ്റ് നിരക്കിനേക്കാൾ വളരെ കുറഞ്ഞ വിലയിൽ നൽകാമെന്നുള്ള പ്രലോഭനകരമായ പരസ്യങ്ങൾ നൽകിയാണ് ഇവർ നിയമവിരുദ്ധമായി പണം തട്ടിയെടുക്കുന്നത്. 'വ്യാജന്മാരെ സൂക്ഷിക്കുക' എന്ന പേരിൽ ദുബൈ പൊലീസ് നടത്തിവരുന്ന ബോധവൽക്കരണ കാമ്പെയിന്‍റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.
ദുബൈ പ്രദേശത്തുള്ള കുടിൽ പോലുള്ള വീടിന്‍റെ ആകർഷകമായ പരസ്യം സോഷ്യൽ മീഡിയയിൽ കണ്ട് തട്ടിപ്പുകാരനെ ബന്ധപ്പെട്ട കുടുംബനാഥനാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പരസ്യം നൽകിയ വ്യക്തിയെ ബന്ധപ്പെട്ടപ്പോൾ, ഡെപ്പോസിറ്റും പിന്നീട് തിരികെ ലഭിക്കുന്ന ഇൻഷുറൻസ് തുകയും കൈമാറാൻ ആവശ്യപ്പെട്ടു. ഇരയായ വ്യക്തി 8,000 ദിർഹം ട്രാൻസ്ഫർ ചെയ്തു. ഇതിന് പിന്നാലെ തട്ടിപ്പുകാരൻ ഫോൺ നമ്പർ ഓഫാക്കി. പിന്നീട് ഇയാളെ ബന്ധപ്പെടാൻ സാധിച്ചതേയില്ല.
സമാന രീതിയിലുള്ള നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. യഥാർഥ പരസ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും കോപ്പി ചെയ്ത്, കുറഞ്ഞ നിരക്കിൽ വീണ്ടും പോസ്റ്റ് ചെയ്താണ് തട്ടിപ്പുകാർ ഇരകളെ ആകർഷിക്കുന്നത്. ‘ഉപഭോക്താവ് വസ്തു നേരിട്ട് കാണുന്നതിനോ ഔദ്യോഗിക കരാറുകളിൽ ഒപ്പിടുന്നതിനോ മുമ്പ് ബുക്കിങ് ഡെപ്പോസിറ്റ്, ഡോക്യുമെന്‍റേഷൻ ഫീസ്, ഇൻഷുറൻസ് തുടങ്ങിയവയുടെ പേരുപറഞ്ഞാണ് പണം ട്രാൻസ്ഫർ ചെയ്യാൻ തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നത്. എന്നാൽ, പണം കൈമാറിയ ശേഷം മാത്രമാണ് പരസ്യത്തിൽ കാണിച്ച പ്രോപ്പർട്ടി നിലവിലില്ലെന്നോ, യഥാർഥ ഉടമക്ക് ഈ പരസ്യവുമായി ഒരു ബന്ധവുമില്ലെന്നോ ഇരകൾ തിരിച്ചറിയുന്നത്. അപ്പോഴേക്കും തട്ടിപ്പുകാരൻ അക്കൗണ്ട് ഡിലീറ്റ് ചെയ്ത്, ഫോൺ ഓഫാക്കി മുങ്ങിയിട്ടുണ്ടാകും’ -പൊലീസ് കൂട്ടിച്ചേർത്തു.
പ്രോപ്പർട്ടിയുടെ നിലവാരവും ലൊക്കേഷനുമായി താരതമ്യം ചെയ്യുമ്പോഴുള്ള അവിശ്വസനീയമാംവിധം കുറഞ്ഞ വാടക നിരക്ക് പ്രധാന തട്ടിപ്പ് സൂചനയാണ്. വിവരങ്ങൾ പരിശോധിക്കാൻ സമയം നൽകാതെ, പെട്ടെന്ന് തീരുമാനമെടുക്കാൻ തട്ടിപ്പുകാർ സമ്മർദം ചെലുത്തും. പണം കൈമാറുന്നതിന് മുമ്പ് ഹോളിഡേ ഹോം നേരിട്ട് സന്ദർശിച്ചോ മറ്റോ സത്യാവസ്ഥ ബോധ്യപ്പെടണം. ചിത്രങ്ങളെയോ ഓൺലൈൻ ചാറ്റുകളെയോ മാത്രം വിശ്വസിക്കരുതെന്ന് പൊലീസ് ഓർമിപ്പിച്ചു. ഭൂവുടമയുടെയോ റിയൽ എസ്റ്റേറ്റ് കമ്പനിയുടെയോ ഐഡന്‍റിറ്റിയും നിയമപരമായ ഉടമസ്ഥാവകാശ രേഖകളും പരിശോധിക്കാം.
എല്ലാ നടപടിക്രമങ്ങളും അംഗീകൃത ഔദ്യോഗിക ചാനലുകൾ വഴി മാത്രം പൂർത്തിയാക്കുക. പ്രോപ്പർട്ടിക്കായി വൻ ഡിമാൻഡ് ഉണ്ടെന്നോ ഓഫർ അവസാനിക്കാറായെന്നോ പറഞ്ഞ് പെട്ടെന്ന് പണം അയക്കാൻ സമ്മർദം ചെലുത്തുന്നവരുടെ വലയിൽ വീഴരുത്. അപരിചിതരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നത് ഒഴിവാക്കണം. തട്ടിപ്പുകളോ സംശയാസ്പദ വെബ്‌സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഇ-ക്രൈം പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള ഔദ്യോഗിക ചാനലുകളിലൂടെ റിപ്പോർട്ട് ചെയ്യണം. അടിയന്തരമല്ലാത്ത സാഹചര്യങ്ങൾക്ക് 901 എന്ന നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

