കേരളത്തെ ലഹരിയിൽ മുക്കിക്കൊല്ലാൻ അനുവദിക്കരുത് -സന്ദീപ് വാര്യർ
text_fieldsഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ മെമന്റോ പ്രസിഡന്റ് റഫീക്ക് മട്ടന്നൂർ സന്ദീപ് വാര്യർക്ക് കൈമാറുന്നു
ദുബൈ: കേരളത്തിന്റെ സമഗ്ര പുരോഗതിക്കും ജീവിത ഐശ്വര്യങ്ങൾക്കും അടിത്തറ പാകിയതിൽ പ്രവാസികളുടെ വിയർപ്പുണ്ടെന്നും ഭരണകൂടത്തിന്റെ നിഷ് ക്രിയത്വം കൊണ്ട് അതിനെ ലഹരിയിൽ മുക്കിക്കൊല്ലാൻ അനുവദിക്കരുതെന്നും കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ പ്രസ്താവിച്ചു.
ദുബൈയിൽ ഇൻകാസ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിയുടെ വ്യാപനം ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് കുടുംബാംഗങ്ങൾ നാട്ടിലുള്ള രക്ഷിതാക്കളെയാണ്. വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയും രക്തബന്ധങ്ങളെ പോലും അറുത്തു മാറ്റുന്ന നിലയിലേക്കും ലഹരി വ്യാപിച്ചിരിക്കുന്നു.
അധികൃതരുടെ നിഷ്ക്രിയത്വം ലഹരി വ്യാപനത്തിന് സഹായകമാകുന്നു. മദ്യനിർമാർജനം എന്നത് തെരഞ്ഞെടുപ്പു കാലത്തെ കള്ള പ്രചാരണമായി. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് അടച്ചുപൂട്ടിയ ബാറുകൾക്കു പകരമായി വാർഡുകൾ തോറും പിണറായി സർക്കാർ ബാറുകൾ അനുവദിച്ചു. ഈ പുണ്യ മാസകാലത്തെ ആത്മീയ നിർവൃതി ലഹരിക്കെതിരെ അചഞ്ചലമായി പൊരുതാൻ കരുത്ത് പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിൽ ഇൻകാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതം പറഞ്ഞു. ഷാർജ സി.എസ്.ഐ ചർച്ച് വികാരി റവ. സുനിൽ രാജ് ഫിലിപ്പ്,
മർക്കസ് താബ എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അബ്ദുൽ കരീം നുറാണി എന്നിവർ ഇഫ്താർ സന്ദേശങ്ങൾ നൽകി. ഇൻകാസ് കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി.എ.നാസർ, സി.എ. ബിജു, അഡ്വ. ആഷിക് തൈക്കണ്ടി, പവിത്രൻ ബാലൻ, ബാലകൃഷ്ണൻ അല്ലിപ്ര, ഇ.കെ ദിനേശൻ, ഷിജി അന്ന ജോസഫ്, സി.മോഹൻദാസ്, സിന്ധുമോഹൻ, ടൈറ്റസ് പുല്ലൂരാൻ, എ.കെ അബ്ദു റഹമാൻ, രാജി എസ്. നായർ, നാദിർഷ അലി അക്ബർ, ബാബുരാജ്, ബഷീർ നാരാണിപ്പുഴ, ഇഖ്ബാൽ ചെക്യാട്, ഷംസീർ നാദാപുരം, പ്രജീഷ് വിളയിൽ എന്നിവർ സംസാരിച്ചു. ട്രഷറർ ദിലീപ് കുമാർ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.