ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ വെളിപ്പെടുത്തരുതെന്ന് പൊലീസ്
text_fieldsഅജ്മാന്: ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കുന്നവരോട് വെളിപ്പെടുത്തരുതെന്ന് പൊലീസ്. ഇത്തരം വിവരങ്ങള്‍ അധികാരികൾ ഒരിക്കലും ആവശ്യപ്പെടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ആധികാരികമെന്ന് ധരിപ്പിച്ച് ഫോണ്‍ വഴി വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് നടത്തുന്ന തട്ടിപ്പ് കേസുകൾ വർധിക്കുന്നതിനെ തുടര്‍ന്നാണ് പൊലീസ് മുന്നറിയിപ്പുമായി വന്നത്.
മുമ്പും ഇതുസംബന്ധമായി നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നിരവധി പേര് ഇപ്പോഴും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്. രണ്ടു വർഷമായി ഇത്തരം കേസുകൾ കുറഞ്ഞെങ്കിലും രാജ്യത്തിനകത്തും പുറത്തുംനിന്ന് പ്രവര്‍ത്തിക്കുന്ന സംഘങ്ങൾ വീണ്ടും വർധിച്ചതായി പൊലീസ് അധികൃതർ പറഞ്ഞു. വിഷയം ഗൗരവതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ നേടുന്നതിനും അവരുടെ പണം തട്ടിയെടുക്കുന്നതിനുമായി ഈ സംഘം ബാങ്ക് ജീവനക്കാരെന്ന നിലയിലാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്.
ഡെബിറ്റ് കാർഡ് നമ്പറും പിൻ നമ്പറും നൽകി അക്കൗണ്ട് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അവരുടെ കാർഡ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന മുന്നറിയിപ്പുകൾ അടങ്ങിയ ടെക്സ്റ്റ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കാനുള്ള തന്ത്രമാണിത്. ഇരകളിൽനിന്ന് പണം തട്ടിയെടുക്കാൻ കുറ്റവാളികൾ പുതിയ രീതികളും ഉപയോഗിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നാലു നിർദേശവുമായി ദുബൈ പൊലീസ്
ദുബൈ: ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ബോധവത്കരണം ശക്തമാക്കി ദുബൈ പൊലീസ്. പണം നഷ്ടപ്പെടുന്ന പരാതികൾ ഓരോ ദിവസവും കൂടിവരുന്നുണ്ട്. എന്നാൽ വിദേശങ്ങളിൽ നിന്നും മറ്റും നിയന്ത്രിക്കുന്ന തട്ടിപ്പു സംഘങ്ങളായതിനാൽ പല കേസുകളിലും പണം തിരിച്ചുകിട്ടുന്നത് അപൂർവമാണ്.
ഈ സാഹചര്യത്തിൽ ജാഗ്രത വർധിപ്പിക്കാനാണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണവുമായി രംഗത്തെത്തിയത്. നാലു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പൊലീസ് ഓർമപ്പെടുത്തുന്നു. നിങ്ങളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടാൽ ഉടൻ ദുബൈ പൊലീസിന്റെ ഇ-ക്രൈം ആപ്പിലൂടെയോ eCrime.ae വെബ്സൈറ്റിലൂടെയോ അടുത്തുള്ള സ്മാർട് പൊലീസ് സ്റ്റേഷൻ വഴിയോ 901നമ്പറിലോ റിപ്പോർട്ട് ചെയ്യുക.
നിർദേശങ്ങൾ
വ്യക്തിപരമായ വിവരങ്ങൾ ആർക്കും നൽകാതിരിക്കുക. വ്യക്തിപരമായ വിവരങ്ങൾ ചോദിച്ച് ഒരിക്കലും സർക്കാർ സംവിധാനങ്ങളോ പൊലീസോ ആരെയും ബന്ധപ്പെടില്ല. അതിനാൽ അത്തരം കാര്യങ്ങൾ ചോദിച്ചുവരുന്ന ഫോൺകാളുകളും മെസേജുകളും സൂക്ഷിക്കുക.
ബാങ്ക് വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്താതിരിക്കുക. ബാങ്ക് വിവരങ്ങളായ ഒ.ടി.പി, സി.സി.വി കോഡ്, കാർഡ് എക്സ്പെയറി ഡേറ്റ് എന്നിവയും കൈമാറരുത്.
ഓഫറുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക. വലിയ പണമോ സമ്മാനമോ ലഭിച്ചുവെന്ന പേരിൽ വരുന്ന ഓഫറുകൾ മിക്കപ്പോഴും തട്ടിപ്പായിരിക്കും.
'ഇ-ക്രൈമി'ൽ വിവരങ്ങൾ അറിയിക്കുക